3D പ്രിൻ്റഡ് വീടുകളുടെ ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ടെക്സാസിൽ ഒരുങ്ങുന്നു

By: 600110 On: Mar 17, 2025, 2:52 PM

 

3D പ്രിൻ്റഡ് വീടുകളുടെ ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ടെക്സാസിൽ ഒരുങ്ങുന്നു. പരമ്പരാഗത ഭവന നിർമ്മാണ പ്രക്രിയയേക്കാൾ വിലകുറഞ്ഞതും വേഗതയേറിയതുമാണ് 3D പ്രിൻ്റഡ് വീടുകളുടെ നിർമ്മാണം . കഴിഞ്ഞ വേനൽക്കാലത്ത്, ഒരു റോബോട്ടിക് പ്രിൻ്റർ ഉപയോഗിച്ച് ടെക്സസിലെ ജോർജ്ജ്ടൗണിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.

ഇവിടെ സ്ഥിരതാമസമാക്കിയവർ ഈ വീടുകളുടെ ഈടിനെയും സുരക്ഷയെയും കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്. മുൻപ് താമസിച്ച ഏത് വീടുകളേക്കാളും  സുരക്ഷിതത്വം തോന്നുന്നുവെന്ന് ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്ന ഹോളി ഫീക്കിംഗ്സ് പറയുന്നു. യുഎസിലെ രണ്ടാമത്തെ വലിയ ഭവനനിർമ്മാണ കമ്പനിയായ ലെന്നറും 3D ടെക്നോളജി കമ്പനിയായ ICON ഉം തമ്മിലുള്ള സംയുക്ത സംരംഭമാണ് ഈ പദ്ധതി. 2022ലാണ് ഐക്കോണിൻ്റെ 40 അടി ഉയരമുള്ള റോബോട്ടുകൾ ഈ കമ്മ്യൂണിറ്റിയിലെ വീടുകളുടെ നിർമ്മാണം തുടങ്ങിയത്. 2023 ആയതോടെ ഒരേ സമയം 11 റോബോട്ടുകൾ എല്ലാ ദിവസവും രാവും പകലും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു. ഇതോടെ ആഴ്ചയിൽ രണ്ട് വീടുകൾ വീതം പൂർത്തിയാക്കാനായി. 3D പ്രിൻ്റിംഗ് സാങ്കേതിക വിദ്യ വേഗതയേറിയതും, ചെലവ് കുറഞ്ഞതും, കുറച്ച് തൊഴിലാളികളെ മാത്രം ആവശ്യമുള്ളതുമാണ്. മാത്രമല്ല, നിർമ്മാണ സാമഗ്രികൾ പാഴാക്കുന്നത് കുറയ്ക്കാനുമാകും.