കാനഡയിലെ ഏറ്റവും പഴയ കമ്പനിയായ ഹഡ്‌സൺസ് ബേ പൂട്ടാനൊരുങ്ങുന്നത് രാജ്യത്തിൻ്റെ റീട്ടെയിൽ മേഖലയിൽ വലിയ വിടവുണ്ടാക്കുമെന്ന് വിദഗ്ധർ. ഇപ്പോത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വരും മാസങ്ങളിൽ പ്രവർത്തനം നിർത്താൻ ഒരുങ്ങുകയാണ് കമ്പനി. പലവിധ പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താളം തെറ്റിച്ചതെന്ന് റീട്ടെയിൽ മേഖലയിലെ വിദഗ്ധർ പറയുന്നു. അടുത്ത ആഴ്ച കോടതി അനുമതി ലഭിക്കുന്നതോടെ തങ്ങളുടെ മുഴുവൻ ബിസിനസും ലിക്വിഡേറ്റ് ചെയ്യാൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചിരുന്നു.
1670ലാണ് കമ്പനി ആരംഭിച്ചത്. ഇപ്പോൾ 80 സ്റ്റോറുകളിലായി വ്യാപിച്ചു കിടക്കുന്ന വലിയ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ ശൃംഖലയാണ് കമ്പനിയുടേത്. തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഒരു ഭാഗമെങ്കിലും നിലനിർത്താൻ ആവശ്യമായ എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് കമ്പനി പൂർണ്ണമായ ലിക്വിഡേഷന് നിർബന്ധിതരാകുന്നത്. ലിക്വിഡേഷൻ പ്രക്രിയ ജൂണിൽ പൂർത്തിയാകും. മുഴുവൻ ബിസിനസും അടച്ചുപൂട്ടുന്നതോടെ 9,364ളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും. ഇത് ശരിക്കും സങ്കടകരമാണെന്ന് റീട്ടെയിൽ സ്ട്രാറ്റജി ഗ്രൂപ്പിൻ്റെ സഹസ്ഥാപകയായ ലിസ അംലാനി പറഞ്ഞു. ഇതൊരു ഐക്കണിക് ബ്രാൻഡാണ്. കാനഡക്കാർക്ക് ഇത് പ്രധാനമാണ്, ദി ബേ പൂർണ്ണമായും അപ്രത്യക്ഷമായാൽ വിപണിയിൽ ഒരു വിടവ് ഉണ്ടാകുമെന്നും അവർ പറഞ്ഞു.