ശനിയാഴ്ച രാത്രി അമേരിക്കയിലെ മിഡ്‌വെസ്റ്റിലും തെക്കുകിഴക്കന്‍ മേഖലയിലും നിരവധി സംസ്ഥാനങ്ങളിലുമായി വീശിയടിച്ച കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മിക്കയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. കൊടുങ്കാറ്റില്‍ 32 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയുമായി 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. അര്‍ക്കാന്‍സാസ്, ഇല്ലിനോയിസ്, മിസിസിപ്പി, മിസോറി എന്നിവയുടെ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലോടെയാണ് ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചതെന്ന് യുഎസ് നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകന്‍ ഡേവിഡ് റോത്ത് പറഞ്ഞു.
വെള്ളിയാഴ്ച ഷെര്‍മാന്‍ കൗണ്ടിയിലുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഹൈവേയില്‍ എട്ട പേര്‍ മരിച്ചതായി കന്‍സാസ് ഹൈവേ പട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് 50 വാഹനാപകടങ്ങള്‍ ഉണ്ടായി. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലെ മൂന്ന് മരണം ഉള്‍പ്പെടെ 27 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ലഹോമയില്‍ 689 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കത്തിനശിച്ചതായും, കാറ്റിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന തീപിടിത്തത്തില്‍ 300 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്