വീശിയടിച്ച് കൊടുങ്കാറ്റ്, അമേരിക്കയിൽ 27 പേർ മരിച്ചു; രൂപപ്പെട്ടത് 26 ചുഴലിക്കാറ്റുകൾ, കനത്ത നാശനഷ്ടം

By: 600007 On: Mar 16, 2025, 5:06 AM

 

 

വാഷിങ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ മരിച്ചു. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. 

മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ യുഎസിൽ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. മിസ്സോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സംസ്ഥാനങ്ങൾ.  

വെള്ളിയാഴ്ച കൻസാസിൽ ഒരു ഹൈവേയിൽ ചുഴലിക്കാറ്റിൽ 50-ലധികം വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ശനിയാഴ്ച വൈകുന്നേരം മുതൽ കാലാവസ്ഥ കൂടുതൽ രൂക്ഷമായിട്ടുണ്ട്.  അർക്കൻസാസ്, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ലഹോമയിൽ 689 ചതുരശ്ര കിലോമീറ്റർ ഭൂമി കത്തിനശിച്ചതായും, കാറ്റിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന തീപിടിത്തത്തിൽ 300 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്