അതിർത്തി കടന്ന് അമേരിക്കയിലേക്ക് പോകുന്നവർ ശരിയായ ഫോമുകളും രേഖകളും കൈവശം ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ കനേഡിയൻ പൌരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഈ മാസം ആദ്യം ഒരു കനേഡിയൻ സ്ത്രീയെ യുഎസ് അതിർത്തി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണിത്. വാൻകൂവർ സ്വദേശിയായ ജാസ്മിൻ മൂണി കഴിഞ്ഞ തിങ്കളാഴ്ച സാൻ ഡീഗോ അതിർത്തിയിലൂടെ മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു . ഇതിനിടെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒരു വാട്ടർ ഹെൽത്ത് ഡ്രിങ്ക് ബ്രാൻഡിൻ്റെ സ്ഥാപക കൂടിയാണ് മൂണി .
താൻ വീണ്ടും തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാൻ പോവുകയായിരുന്നു എന്ന് ജാസ്മിൻ മൂണി പറഞ്ഞു. എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരു മുന്നറിയിപ്പും കൂടാതെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് പിടിച്ചു കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നും യുവതി ഒരു വാർത്താ ചാനലിനോട് പറഞ്ഞു. ശരിയായ ലെറ്റർഹെഡ് ഇല്ലാത്തതിനാലാണ് ഐസിഇ ഏജന്റുമാർ അവരെ പിടികൂടിയത്. കനേഡിയൻ, മെക്സിക്കൻ പൗരന്മാർക്ക് അമേരിക്കയിൽ പ്രത്യേക പ്രൊഫഷണൽ തൊഴിലുകൾ ചെയ്യാൻ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയായ ടിഎൻ വിസയ്ക്ക് മൂണി അപേക്ഷിച്ചിരുന്നു. 2024 വേനൽക്കാലത്ത് ആണ് മൂണി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയത്. മൂന്ന് വർഷത്തെ വർക് വിസയിലെത്തി തൻ്റെ ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ നവംബറിൽ വിസ റദ്ദാക്കപ്പെട്ടു. ഇതേ തുടർന്ന് അമേരിക്കയിൽ നിന്ന് മടങ്ങേണ്ടി വന്നു. വീണ്ടും അമേരിക്കയിലെത്തി പഴയ ജോലിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.