വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു; കാല്‍ഗറിയില്‍ 18 പുതിയ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Mar 15, 2025, 12:39 PM

 


കാല്‍ഗറിയിലും സമീപപ്രദേശങ്ങളിലുമായി പുതിയ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പതിനെട്ടോളം പുതിയ സ്‌കൂളുകളുടെ നിര്‍മാണത്തിനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രവിശ്യയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സ്‌കൂളുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കാല്‍ഗറിയില്‍ 14,400 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

നിരവധി പേര്‍ കാല്‍ഗറിയിലേക്ക് കുടിയേറുന്നതിനാല്‍ പുതിയ സ്‌കൂളുകള്‍ അത്യാവശ്യമാണെന്ന് കാല്‍ഗറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ പട്രീഷ്യ ബോള്‍ഗര്‍ പറയുന്നു. നിലവില്‍ സിബിഇ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞുകവിയുകയാണെന്നും അവര്‍ വ്യക്തമാക്കി. 

സ്‌കൂളുകളില്‍ 4,000 അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും കൂടി നിയമിക്കുന്നതിനായി സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 110 കോടി ഡോളര്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ് പറഞ്ഞു.