കൺസ്യൂമർ കാർബൺ ടാക്സ് നിർത്തലാക്കി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ കനേഡിയൻ സർക്കാർ

By: 600110 On: Mar 15, 2025, 12:24 PM

 

കാനഡയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭ കൺസ്യൂമർ കാർബൺ ടാക്സ് നിർത്തലാക്കി.  വെള്ളിയാഴ്ച അധികാരമേറ്റതിനുശേഷമുള്ള ആദ്യ ഉത്തരവായിരുന്നു  കൺസ്യൂമർ കാർബൺ ടാക്സ് നിർത്തലാക്കുക എന്നത്. ഒപ്പം ജസ്റ്റിൻ ട്രൂഡോയുടെ സിഗ്നേച്ചർ കാലാവസ്ഥാ നയം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു കാർണി നിർണ്ണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. 

ഹരിതഗൃഹ വാതകങ്ങൾ പുറത്ത് വിടുന്നത് കുറയ്ക്കാൻ വ്യക്തികളെയും ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഡീസൽ, പ്രകൃതി വാതകം എന്നിവയ്ക്ക് മേൽ സർക്കാർ കാർബൺ ടാക്സ് ഏർപ്പെടുത്തിയത്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.  രണ്ട് വർഷത്തിലേറെയായി ലിബറലുകൾക്കെതിരായ കൺസർവേറ്റീവ് ആക്രമണങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ഉപഭോക്തൃ കാർബൺ വിലനിർണ്ണയ നയം. ഉയർന്ന ജീവിതച്ചെലവിനെതിരായ കനേഡിയൻമാരുടെ പോരാട്ടങ്ങളുടെ പ്രതീകമായി ഇത് മാറിയിരുന്നു. ഇതേ തുടർന്നാണ് പുതിയ സർക്കാർ ഈ നികുതി പിൻവലിച്ചത്. 

പുതിയ തീരുമാനത്തെ വിമർശിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊലിവർ രംഗത്തെത്തി. പാർലമെൻ്റ് വിളിച്ച് ചേർത്ത് നിയമം പിൻവലിക്കാതെ കാർണിക്ക് പുതിയ മാറ്റം നിലവിൽ വരുത്താനാകില്ലെന്നും പൊലിവർ ആരോപിച്ചു. വർഷങ്ങളായി കാർബൺ വിലയ്ക്ക് അനുകൂലമായി വോട്ട് ചെയ്തവരാണ് കാർണിയുടെ കാബിനറ്റ് മന്ത്രിമാർ. അവർ ഈ നയം യഥാർഥത്തിൽ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് ചോദിച്ചു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ലിബറലുകൾ കാർബൺ ടാക്സ് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം ആരോപിച്ചു.