കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

By: 600110 On: Mar 15, 2025, 12:04 PM

 

കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. കാനഡയുടെ 24ആം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ കാർണി അധികാരമേറ്റത്. ഓട്ടവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ എത്തി. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയമായി. 

ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. 24 അംഗങ്ങളാണ് കാർണി മന്ത്രിസഭയിലുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കി. എന്നാൽ ചില പ്രമുഖരെ നിലനിർത്തിയിട്ടുമുണ്ട്. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സർക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്‌ട്ര വ്യാപാര മന്ത്രിയാകും. ഫ്രാൻസ്വാ ഫിലിപ്പെയാകും പുതിയ ധനമന്ത്രി. രണ്ട് ഇന്ത്യൻ വംശജരും മന്ത്രിസഭയിലുണ്ട്. അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷൻ ശാസ്‌ത്ര - വ്യവസായ മന്ത്രിയാകും. കമൽ ഖേരക്ക് ആരോഗ്യ മന്ത്രി സ്ഥാനം ലഭിച്ചു.

അമേരിക്കയുമായുള്ള തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം ശക്തമാക്കാനാണ് സാധ്യത. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സാഹചര്യത്തിൽ കാർണിയുടെ ഇടപെടൽ എന്താകും എന്ന് ഉറ്റുനോക്കുകയാണ് ലോകം. യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നീക്കം മാർക്ക് കാർണിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.