ഡോണൾഡ് ട്രംപിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദ വിവരങ്ങൾ പുറത്ത് വിട്ട് കനേഡിയൻ മാധ്യമങ്ങൾ

By: 600110 On: Mar 14, 2025, 5:14 PM

 

യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദ വിവരങ്ങൾ പുറത്ത് വിട്ട് കനേഡിയൻ മാധ്യമങ്ങൾ. കോടികൾ ആസ്തിയുള്ള ട്രംപ് കുടുംബത്തിൻ്റെ സമ്പത്ത് ആരംഭിക്കുന്നത് ഒരു കനേഡിയൻ വേശ്യാലയ ഹോട്ടലിൽ നിന്നാണെന്നാണ് ലേഖനത്തിലുള്ളത്. 

നൂറിലേറെ വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ്  കൊളംബിയയിൽ ട്രംപിൻ്റെ മുത്തച്ഛൻ ഫ്രെഡറിക് നടത്തിയിരുന്ന റെസ്റ്റോറൻ്റും വേശ്യാലയവും ചേർന്നുള്ള ഹോട്ടലിൽ നിന്നാണ് വലിയ സമ്പത്തിലേക്കുള്ള വളർച്ച തുടങ്ങിയതെന്നാണ് റിപ്പോർട്ട്. 
ബ്രിട്ടീഷ് കൊളംബിയയിലെ യൂക്കോൺ അതിർത്തിക്കടുത്തുള്ള നടപ്പാതയിൽ, നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ട്രംപിൻ്റെ മുത്തച്ഛൻ നിർമ്മിച്ച വേശ്യാലയത്തിൻ്റെയും റസ്റ്റോറൻ്റിൻ്റെയും മാതൃകയിലുള്ള നിർമ്മിതി കാണാം. ക്ലോണ്ടൈക്ക് ഗോൾഡ് റഷ്, കാരണം വളർന്നു വന്നൊരു പട്ടണമായിരുന്നു അക്കാലത്ത് ബെന്നറ്റ്. അവിടത്തെ തൻ്റെ ബിസിനസിന് ആർട്ടിക് റെസ്റ്റോറൻ്റ് & ഹോട്ടൽ എന്നായിരുന്നു ഫ്രെഡറിക് ട്രംപ്  പേരിട്ടത്. 

ജർമ്മൻ കുടിയേറ്റക്കാരനായ  ട്രംപിൻ്റെ മുത്തച്ഛൻ, യൂക്കോണിലെ സ്വർണ്ണപ്പാടങ്ങളിലേക്ക് പോകുന്ന അമേരിക്കക്കാർക്കും കാനഡക്കാർക്കും വേണ്ടിയാണ് ഹോട്ടൽ ആരംഭിച്ചത്. ഭാവിയിലെ ട്രംപ് സാമ്രാജ്യത്തിന് വിത്തുകൾ പാകിയത് ഇതിലൂടെ സമ്പാദിച്ച പണത്തിലൂടെയാണ്. സ്വർണ്ണവേട്ടയിലൂടെ സമ്പന്നരായവരെക്കുറിച്ചുള്ള ലഘുലേഖയിലാണ് ട്രംപിൻ്റെ പൂർവ്വികരെക്കുറിച്ചും പരാമർശമുള്ളത്. 

1880കളിലാണ് ഫ്രെഡറിക് ട്രംപ് കാനഡയിലെത്തുന്നത്. ജർമ്മനിയിൽ നിന്ന് ന്യൂയോർക്കിലേക്കായിരുന്നു ട്രംപിൻ്റെ മുത്തച്ഛനും കുടുംബവും ആദ്യം എത്തിയത്. പിന്നീട് അദ്ദേഹം സിയാറ്റിലിലേക്ക് താമസം മാറി, ഒരു ഭക്ഷണശാല നടത്താൻ തുടങ്ങി. 1897 ൽ കാനഡയിലെ ബിസിയിൽ എത്തി. അദ്ദേഹവും ഒരു ബിസിനസ് പങ്കാളിയും ചേർന്ന് ഒരു കാൻ്റീൻ തുടങ്ങി. അതിന് ആർട്ടിക് റെസ്റ്റോറൻ്റ് & ഹോട്ടൽ എന്ന് പേരിട്ടു. മൂന്ന് വർഷത്തിനുള്ളിൽ, അതേ രീതിയിലൊരു ഹോട്ടൽ  അദ്ദേഹം വൈറ്റ്‌ഹോഴ്‌സിൽ തുടങ്ങി. ആ ഹോട്ടൽ പ്രശസ്തമായി. 1901ൻ്റെ തുടക്കത്തോടെ, വേശ്യാവൃത്തി, ചൂതാട്ടം, മദ്യം എന്നിവ തടയുന്നതിനുള്ള പദ്ധതികൾ മൗണ്ടികൾ പ്രഖ്യാപിച്ചു. അതോടെ ഫ്രെഡറിക് ട്രംപ് ബിസിനസ്സ് വിറ്റു ജർമ്മനിയിലേക്ക് മടങ്ങി. ഒടുവിൽ  ന്യൂയോർക്ക് നഗരത്തിലേക്ക് കുടിയേറി.  1905-ൽ ഒരു വലിയ തീപിടുത്തത്തിൽ ഹോട്ടലിൻ്റെ ഭൂരിഭാഗവും കത്തിനശിച്ചു. ഏകദേശം 12 വർഷത്തിനുശേഷം ഫ്രെഡറിക് ട്രംപ് ന്യുമോണിയ ബാധിച്ച് മരിച്ചു. എന്നാൽ അതിനകം അദ്ദേഹം ധാരാളം സ്വത്തുവകകൾ സമ്പാദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് മകൻ ഫ്രെഡ് ട്രംപ് നിക്ഷേപം നടത്തി. ഡൊണാൾഡ് ട്രംപ് തൻ്റെ പിതാവിൽ നിന്ന് വായ്പയെടുത്താണ് ആഗോള ബ്രാൻഡ് സൃഷ്ടിച്ചത് എന്നും ലേഖനത്തിൽ പറയുന്നുണ്ട്