കാനഡയും ഗ്രീൻലാൻഡും സ്വന്തമാക്കാനുള്ള തൻ്റെ ആഗ്രഹം നാറ്റോ തലവന് മുന്നിലും ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയുമായി ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഒരു മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരമായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അത് സംഭവിക്കുമെന്ന് താൻ കരുതുന്നു എന്നായിരുന്നു ട്രംപിൻ്റെ മറുപടി.അന്താരാഷ്ട്ര സുരക്ഷയ്ക്ക് അത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു
എന്നാൽ ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് നാറ്റോയെ വലിച്ചിഴയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ പറഞ്ഞു. പക്ഷെ ആർട്ടിക് മേഖലയുടെ സുരക്ഷയ്ക്കും ചൈനയെയും റഷ്യയെയും ഫലപ്രദമായി നേരിടാനും യുഎസിൻ്റെ നേതൃത്വത്തിൽ വടക്കൻ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മാർക്ക് അംഗീകരിച്ചു. കാനഡയുമായുള്ള വ്യാപാരത്തിൽ തനിക്കുള്ള പരാതികളെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. ഒപ്പം കാനഡയെ യുഎസിൻ്റെ 51ആമത്തെ സംസ്ഥാനമാക്കാനുള്ള തൻ്റെ ആഹ്വാനം ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തു.