തൻ്റെ ഐസ്ക്രീം കഴിച്ച അമ്മയ്ക്കെതിരെ പൊലീസിൽ പരാതിയുമായി നാലു വയസ്സുകാരൻ

By: 600110 On: Mar 14, 2025, 1:56 PM

അമ്മ തൻ്റെ ഐസ്ക്രീം കഴിച്ചതിന് പൊലീസിൽ പരാതിയുമായി നാലു വയസ്സുകാരൻ. അമേരിക്കയിലെ വിസ്കോൺസിനിലാണ് സംഭവം. എന്തായാലും പരാതി നല്കിയതിന് ഫലമുണ്ടായി. പരാതിക്കാരന് വയറു നിറയെ ഐസ്ക്രീം കിട്ടി. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിസ്കോൺസിലിലെ മൌണ്ട് പ്ലെയൻ്റിൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ എത്തിയത്. ഫോണെടുത്തവർ കേട്ടത് ഒരു കുഞ്ഞു ശബ്ദം. അവൻ്റെ ആവശ്യമാകട്ടെ അതിലും കൌതുകകരവും. എൻ്റെ അമ്മ ഒരു തെറ്റ് ചെയ്തു. വന്ന് അമ്മയെ പിടിച്ചു കൊണ്ട് പോകണം, കുഞ്ഞു ശബ്ദം ആവശ്യപ്പെട്ടു. ഇത്രയുമായപ്പോഴേക്കും ഫോണിൻ്റെ മറുവശത്ത് പുതിയൊരു ശബ്ദമെത്തി. മറ്റാരുമല്ല. നാല് വയസ്സുകാരൻ്റെ അമ്മ തന്നെ. തുടർന്ന് അമ്മ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പൊലീസിന് കാര്യങ്ങൾ വ്യക്തമായത്. താനറിയാതെ തൻ്റെ ഐസ്ക്രീം അമ്മയെടുത്ത് കഴിച്ചതിനാണ് നാല് വയസ്സുകാരൻ പൊലീസിനെ വിളിച്ചത്. 

സംഗതി നേരിട്ടന്വേഷിക്കാൻ പൊലീസ് അവരുടെ വീട്ടിലെത്തുക തന്നെ ചെയ്തു. വീട്ടിലെത്തിയ പൊലീസുകാരോടും നാല് വയസ്സുകാരൻ തൻ്റെ പരാതി ആവർത്തിച്ചു. എന്നാൽ പൊലീസുകാർ സ്നേഹപൂർവ്വം അനുനയിപ്പിച്ചതോടെ അവൻ അമ്മയോട് ക്ഷമിക്കാൻ തയ്യാറായി. തനിക്ക് ഐസ്ക്രീം വാങ്ങി നല്കുമെന്ന ഉറപ്പിന്മേൽ. പൊലീസുകാർ പിന്നീട് വാക്കു പാലിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനകം വീട്ടിലെത്തി അവന് ഐസ്ക്രീം സമ്മാനിക്കുകയും ചെയ്തു.