30 ദിവസമോ അതിൽ കൂടുതലോ ഉള്ള അമേരിക്കൻ സന്ദർശനത്തിനായി എത്തുന്ന വിദേശ പൌരന്മാർ, രജിസ്റ്റർ ചെയ്യണമെന്ന നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് അറിയിച്ചു. "അമേരിക്കൻ ജനതയെ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുക" എന്ന എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ ഭാഗമാണ് ഈ നിയമം.അമേരിക്കൻ പൗരനോ സ്ഥിര താമസക്കാരനോ അല്ലാത്ത എല്ലാവർക്കും പുതിയ മാറ്റം ബാധകമാണ്.
ജനുവരി 20 നാണ് ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. ബുധനാഴ്ച, യുഎസ് ഫെഡറൽ രജിസ്റ്ററിൽ ഒരു ഇടക്കാല അന്തിമ നിയമം പോസ്റ്റ് ചെയ്തിരുന്നു. ഇതനുസരിച്ച് അമേരിക്കയിൽ എത്തുന്ന വിദേശ പൌരന്മാർ 30 ദിവസത്തിൽ കൂടുതൽ തങ്ങുകയാണെങ്കിൽ രജിസ്റ്റർ ചെയ്യുകയും വിരലടയാളം നൽകുകയും വേണമെന്നാണ് വ്യവസ്ഥകളുള്ളത്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS)ഉം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും ആണ് (USCIS) ചട്ടങ്ങൾ ഭേദഗതി ചെയ്തത്. ഏപ്രിൽ 11 മുതൽ ഇത് പ്രാബല്യത്തിൽ വരും. ജനുവരിയിൽ യു എസിൽ പ്രവേശിച്ച ഒരു കനേഡിയൻ പൌരൻ ഏപ്രിൽ 11 ന് ശേഷവും യുഎസിൽ തുടരുക ആണെങ്കിൽ, ഇത് ബാധകമാകും. മുൻകാലങ്ങളിൽ കാനഡക്കാർക്ക് വിസയില്ലാതെ ആറ് മാസത്തേക്ക് യുഎസ് സന്ദർശിക്കാൻ കഴിയുമായിരുന്നു. പ്രവേശന സമയത്ത് അവർ തങ്ങളുടെ താമസ കാലയളവ് വ്യക്തമാക്കിയാൽ മാത്രം മതിയായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.