ഉപയോഗിക്കാത്ത പിപിഇ കിറ്റുകളും വേദന സംഹാരിയായ ടര്‍ക്കിഷ് ടൈലനോളും സംഭരിച്ചുവെച്ച വെയര്‍ഹൗസിന്റെ വീഡിയോ പുറത്തുവന്നതോടെ ആല്‍ബെര്‍ട്ട സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷം രംഗത്ത്. അമിത വില നല്‍കിയ സംഭരിച്ചുവെച്ച സാധനങ്ങള്‍ ഉപയോഗിക്കാതെ യുസിപി സര്‍ക്കാര്‍ ദശലക്ഷകണക്കിന് ഡോളര്‍ നഷ്ടം വരുത്തിവെച്ചതായി എന്‍ഡിപി ആരോപിച്ചു. ഉപയോഗിക്കാത്ത പിപിഇ കിറ്റുകള്‍ക്കും ടര്‍ക്കിഷ് ടൈലനോളും സൂക്ഷിക്കാന്‍ സര്‍ക്കാര്‍ 5 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി പ്രതിപക്ഷ നേതാവ് ക്രിസ്റ്റീന ഗ്രേ വിമര്‍ശിച്ചു. ഇവയുടെ ആയിരക്കണക്കിന് പാലറ്റുകളാണ് വെയര്‍ഹൗസില്‍ ഉണ്ടായിരുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
2022 ല്‍ കോവിഡ് പാന്‍ഡെമിക് കാലത്ത് വാങ്ങിയ ടര്‍ക്കിഷ് ടൈലനോള്‍ ശിശുക്കളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആല്‍ബെര്‍ട്ടയിലെ ആശുപത്രികളില്‍ അവയുടെ ഉപയോഗം നിര്‍ത്തിയത്. എന്നാല്‍ മരുന്ന് ഇപ്പോഴും വിദേശത്ത് ഉപയോഗിക്കുന്നുണ്ടെന്നും കാലഹരണപ്പെടുന്നതിന് മുമ്പ് ഉക്രെയ്‌നിലേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നതായുമായാണ് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് മരുന്ന് സംഭരിച്ചതിനെ ന്യായീകരിച്ച് പറയുന്നത്.