ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഹോട്ടലുകള്‍ക്ക് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആഢംബര കാറുകളെ ലക്ഷ്യംവച്ച് മോഷണങ്ങള്‍ നടത്തുന്ന തട്ടിപ്പ് ശൃംഖലയില്‍ ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ ഹാള്‍ട്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സംഘത്തില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. കയറ്റി അയക്കുന്നതിന് മുമ്പ് മോഷ്ടിച്ച കാറുകള്‍ പോലീസ് കണ്ടെത്താതിരിക്കാന്‍ അടുത്തുള്ള 'കൂള്‍ ഓഫ് സോണുകളിലേക്ക് കൊണ്ടുപോകും. ഇവിടെ വെച്ചാണ് സംഘം കാറുകള്‍ വിദേശത്തേക്ക് കയറ്റിഅയക്കുന്നത്. ഓക്ക് വില്ലെയിലെയും ബര്‍ലിംഗ്ടണിലെയും പ്രധാന ഹൈവേകള്‍ക്ക് സമീപമുള്ള ഹോട്ടല്‍ ലോട്ടുകളില്‍ നിന്ന് മോഷണങ്ങള്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
'പ്രൊജക്ട് മുള്ളിഗന്‍' എന്ന് വിളിക്കപ്പെടുന്ന ഓപ്പറേഷനില്‍ ടൊയോട്ട, ലെക്‌സസ് എസ്‌യുവികളും ഡോഡ്ജ്, ടൊയോട്ട പിക്കപ്പ് ട്രക്കുകളും മോഷ്ടിച്ചതായി കണ്ടെത്തി. വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അകത്ത് കടക്കുന്ന മോഷ്ടാക്കള്‍ ഉപകരണം ഉപയോഗിച്ച് കീ ഫോബ് റീപ്രോഗ്രാം ചെയ്യും. പോലീസ് വാഹനം കണ്ടെത്താതിരിക്കാന്‍ ജിപിഎസ് സംവിധാനം പ്രവര്‍ത്തന രഹിതമാക്കും. തുടര്‍ന്ന് ഒരു കൂള്‍ ഓഫ് സോണിലേക്ക് മാറ്റി അവിടെ നിന്നും ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ കയറ്റി വിദേശത്തേക്ക് അയക്കുകയാണ് ചെയ്യുന്നത്. മോണ്‍ട്രിയല്‍ പോര്‍ട്ട് വഴിയാണ് ഭൂരിഭാഗം വാഹനങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ജെഫ് ഡില്ലന്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന 20 ഹോട്ടല്‍ ലോട്ടുകള്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ മുതല്‍ ഇതുവരെ 75 ഓളം വാഹനങ്ങള്‍ സംഘം മോഷ്ടിച്ചതായാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ 18 എണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടെണ്ണം മോണ്‍ട്രിയല്‍ പോര്‍ട്ടിലെ ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ നിന്നാണ് കണ്ടെത്തിയതെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികള്‍ക്കെതിരെ 90 ഓളം കുറ്റങ്ങള്‍ ചുമത്തിയതായും പോലീസ് പറഞ്ഞു.