ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി ഓട്ടവ പോലീസ് സര്‍വീസ് 

By: 600002 On: Mar 14, 2025, 9:55 AM

 

 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സില്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി ഓട്ടവ പോലീസ് സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും ഉപഭോക്താക്കളില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും പരാതി ലഭിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ വില്‍പ്പനക്കാരെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. 'റിവേഴ്‌സ് ഇ-ട്രാന്‍സ്ഫര്‍' തട്ടിപ്പാണ് ഏറ്റവും പുതിയ പ്രവണതയെന്നും ഉന്നത് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

യഥാര്‍ത്ഥ ഇ-ട്രാന്‍സ്ഫര്‍ പോലെയാണ് കാണുന്നതെങ്കിലും ഇത് വ്യാജമായിരിക്കും. തട്ടിപ്പുകാര്‍ക്ക് വില്‍പ്പന നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം ലഭ്യമാക്കുന്നതിനുള്ള അഭ്യര്‍ത്ഥനയാണത്. ഒരു വ്യക്തിക്ക് റിവേഴ്‌സ് ഇ-ട്രാന്‍സ്ഫര്‍ ഡെപ്പോസിറ്റ് ലിങ്ക് ലഭിക്കുമ്പോള്‍ അത് അവരുടെ ബാങ്കിന്റെ വെബ്‌സൈറ്റിന് സമാനമായി കാണപ്പെടും. എന്നാല്‍ യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കുള്ള ആക്‌സസ് ലഭിക്കുന്നു. അക്കൗണ്ടുകളില്‍ കയറിക്കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ക്ക് പാസ്‌വേര്‍ഡ് മാറ്റാനും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും വിവരങ്ങളും, സമ്പത്തും മോഷ്ടിക്കാനും സാധിക്കും. 

ഇത്തരത്തില്‍ തട്ടിപ്പിനിരയാവുകയോ അതിനുള്ള ശ്രമം നടക്കുകയോ ചെയ്താല്‍ ഉടന്‍ പോലീസിലും അതാത് ബാങ്കുകളിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശിക്കുന്നു. തട്ടിപ്പുകാര്‍ പലരും വിദേശത്തിരുന്നാണ് ഇത് നിയന്ത്രിക്കുന്നതെന്നും അതിനാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പോലീസ് പറഞ്ഞു.