കാൽഗറി ട്രാൻസിറ്റിൽ മാറ്റങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച് നഗരത്തിൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി . ഒരു ടിക്കറ്റിൻ്റെ സമയപരിധി 90 മിനിറ്റിൽ നിന്ന് 120 മിനിറ്റായി നീട്ടുക, സി ട്രെയിനിൻ്റെ തൽസമയ ലൊക്കേഷനും സ്റ്റേഷനുകളിലെത്തുന്ന സമയവും ഗൂഗിൾ മാപ്പിലും നഗരത്തിലെ മറ്റ് ട്രാൻസിറ്റ് ആപ്പുകളിലും ലഭ്യമാക്കുക തുടങ്ങിയവയാണ് പരിഗണനയിലുള്ള ചില നിർദ്ദേശങ്ങൾ.
സംഗീത കച്ചേരികൾക്കും കായിക പരിപാടികൾക്കുമുള്ള ടിക്കറ്റുകളിൽ ട്രാൻസിറ്റ് നിരക്കുകൾ കൂടി ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. കാൽഗേറിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരം നിർദ്ദേശങ്ങളെന്ന് വാർഡ് 11 ലെ സിറ്റി കൗൺസിലർ കോർട്ട്നി പെന്നർ പറഞ്ഞു. നിർദ്ദിഷ്ട മാറ്റങ്ങൾ ചെറുതായി തോന്നാമെങ്കിലും, ഗതാഗതം കൂടുതൽ സൌകര്യപ്രദവും ആസ്വാദ്യകരവുമാക്കാൻ ഇതിലൂടെ കഴിയുമെന്ന് കൗൺസിലർമാർ പറയുന്നു. ഗതാഗത സംവിധാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് പുറമേയായിരിക്കും ഈ നിർദ്ദിഷ്ട മാറ്റങ്ങൾ.