2023 ഒക്ടോബർ ഏഴിലെ ഹമാസിൻ്റെ ഭീകരാക്രമണം ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ പ്രേരിപ്പിച്ചെന്ന പരാമർശമുള്ള പോഡ്‌കാസ്റ്റ് നീക്കം ചെയ്ത് ടൊറൻ്റോ പോലീസ്. വിവാദ പരാമർശത്തിന് ജൂത സമൂഹത്തോട് ടൊറൻ്റോ പൊലീസ് ക്ഷമാപണവും നടത്തി.
ഹമാസ് ഭീകരാക്രമണം ആളുകളെ ഇസ്ലാം പഠനത്തിലേക്കും ഒടുവിൽ ഇസ്ലാമിലേക്കുള്ള പരിവർത്തനത്തിലേക്കും നയിച്ചെന്ന് രണ്ട് മുസ്ലീം ലെയ്‌സൺ ഓഫീസർമാർ പറയുന്ന പോഡ് കാസ്റ്റാണ് വിവാദമായത്. പോലീസ് സർവീസിൻ്റെ പ്രോജക്റ്റ് ഒലിവ് ബ്രാഞ്ച് പോഡ്‌കാസ്റ്റിൻ്റെ ഭാഗമായുള്ള എപ്പിസോഡിലായിരുന്നു ഈ വിവാദ പരാമർശം. എപ്പിസോഡിൽ, കോൺസ്റ്റബിൾമാരായ ഹാരൂൺ സിദ്ദിഖിയും ഫർഹാൻ അലിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യവെയാണ് ഈ പരാമർശം നടത്തിയത്. കൂടുതൽ ആളുകൾ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും ഒടുവിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും ഇത് കാരണമായതായി സിദ്ദിഖി പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം സോഷ്യൽ മീഡിയയിലൂടെ, ധാരാളം ആളുകൾ ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഒരു സംഗീതോത്സവത്തിൽ ഹമാസിൻ്രെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരായിരുന്നു അവരിൽ ഭൂരിഭാഗം പേരും. കൂടാതെ 250 ഓളം പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ടൊറൻ്റോ പോലീസ് പോഡ്‌കാസ്റ്റിന് ക്ഷമാപണം നടത്തി പ്രസ്താവന പുറത്തിറക്കിയത്. തങ്ങളുടെ പോഡ്‌കാസ്റ്റായ പ്രോജക്റ്റ് ഒലിവ് ബ്രാഞ്ചിൻ്റെ സമീപകാല എപ്പിസോഡ് ജൂത സമൂഹത്തിലും പുറത്തുമുള്ളവർക്ക് കാര്യമായ അസ്വസ്ഥതയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങൾ സമ്മതിക്കുന്നു. അത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല. ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും പോഡ്‌കാസ്റ്റ് നീക്കം ചെയ്‌തു എന്നുമാണ് പ്രസ്താവനയിൽ പറയുന്നത്