കൌണ്ടർ താരിഫുകളുമായി അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ച് കാനഡ

By: 600110 On: Mar 13, 2025, 2:25 PM

കാനഡയിൽ നിന്നുള്ള സ്റ്റീലിനും, അലുമിനിയത്തിനും പുതിയ തീരുവ ചുമത്തിയതിന് മറുപടിയായി 29.8 ബില്യൺ ഡോളറിൻ്റെ അധിക കൌണ്ടർ താരിഫുകൾ ഏർപ്പെടുത്തി കാനഡ. രണ്ട് രാജ്യങ്ങളും  തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് കാനഡ കൌണ്ടർ താരിഫുകളുമായി തിരിച്ചടിച്ചത്.  

കാനഡയിൽ നിന്നും അമേരിക്കയുടെ മറ്റ് വ്യാപാര പങ്കാളികളിൽ നിന്നുമുള്ള എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ ബുധനാഴ്ച പ്രാബല്യത്തിൽ വന്നതിന് ശേഷമാണ് കനേഡിയൻ സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്. കാനഡ ഏർപ്പെടുത്തിയ പുതിയ 25 ശതമാനം താരിഫ് വ്യാഴാഴ്ച പുലർച്ചെ 12:01 ന് പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന  12.6 ബില്യൺ ഡോളർ വിലമതിക്കുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന അലുമിനിയം ഉൽപ്പന്നങ്ങൾക്കും 14.2 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകുമെന്നും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. തങ്ങളുടെ പ്രശസ്തമായ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ അന്യായമായി ലക്ഷ്യമിടുന്ന അമേരിക്കൻ നടപടിക്കെതിരെ വെറുതെ ഇരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അമേരിക്ക പ്രഖ്യാപിച്ച പുതിയ തീരുവകൾ  നമ്മുടെ രാജ്യത്തിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ് എന്നും, ഈ അസംബന്ധത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും വിദേശകാര്യ മന്ത്രി മെലാനി ജോളിയും പറഞ്ഞു.