താരിഫ് ഏര്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുന്നതിനായി പുതിയ സിംബല്‍ അവതരിപ്പിക്കുന്നതായി ലോബ്ലോ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം തിരഞ്ഞെടുക്കുമ്പോള്‍ താരിഫ് ബാധിച്ചിട്ടുള്ള ഉല്‍പ്പന്നം തിരിച്ചറിയുന്നതിനായി താരിഫ് സിംബല്‍ 'ടി' (T) എന്ന് നല്‍കുമെന്ന് ലോബ്ലോ കമ്പനീസ് ലിമിറ്റഡ് സിഇഒയും പ്രസിഡന്റുമായ പെര്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്ക കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തിയപ്പോള്‍ ഏകദേശം 30 ബില്യണ്‍ ഡോളര്‍ വരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര താരിഫ് ഏര്‍പ്പെടുത്താന്‍ കനേഡിയന്‍ സര്‍ക്കാരും നിര്‍ബന്ധിതരായി. ഈ പശ്ചാത്തലത്തിലാണ് താരിഫ് ചുമത്തിയ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക സിംബല്‍ നല്‍കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ രാക്കേജില്‍ വിലയില്‍ 'T' എന്ന ചിഹ്നം കണ്ടാല്‍ അത് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും താരിഫ് ബാധിച്ച ഉല്‍പ്പന്നമാണെന്നും തിരിച്ചറിയാന്‍ സാധിക്കും. നോ ഫ്രില്‍സ്, റിയല്‍ കനേഡിയന്‍ സൂപ്പര്‍സ്റ്റോര്‍, ഷോപ്പേഴ്‌സ് ഡ്രഗ് മാര്‍ട്ട്, മാക്‌സി തുടങ്ങിയ സ്റ്റോറുകളിലെ ഉല്‍പ്പന്നങ്ങളുടെ പാക്കേജുകളില്‍ ഈ സ്റ്റിക്കറുകള്‍ കാണാന്‍ സാധിക്കും.