ഓഷവയില്‍ വീടിന് തീപിടിച്ച് അമ്മയും ഒന്‍പത് വയസ്സുള്ള മകളും മരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കിംഗ് സ്ട്രീറ്റ് വെസ്റ്റിനും സെന്റര്‍ സ്ട്രീറ്റ് സൗത്തിനും സമീപമുള്ള മക്ഗ്രിഗര്‍ സ്ട്രീറ്റിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. പരുക്കേറ്റ ഭര്‍ത്താവിനെയും പന്ത്രണ്ടുവയസ്സുള്ള മറ്റൊരു മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദര്‍ഹം പോലീസ് അറിയിച്ചു.
വീട്ടില്‍ പരിശോധനയ്‌ക്കെത്തി പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തമായിട്ടില്ലെന്ന് ഓഷവ ഫയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.