സറേ ഗുരുദ്വാരയില്‍ ഹിന്ദുത്വ അനുകൂല പ്രകടനം; യുവാവ് പ്രാര്‍ത്ഥന തടസ്സപ്പെടുത്തി; ആശങ്ക പ്രകടിപ്പിച്ച് സിഖ് സമൂഹം

By: 600002 On: Mar 13, 2025, 9:51 AM

 

 


സറേയിലെ ദസ്‌മേഷ് ദര്‍ബാര്‍ സാഹിബില്‍ പ്രാര്‍ത്ഥനാ ചടങ്ങിനിടെ യുവാവ് നടത്തിയ ഹിന്ദുത്വ അനുകൂല പ്രകടനം ആശങ്ക സൃഷ്ടിച്ചു. ഞായറാഴ്ച  കൂട്ടപ്രാര്‍ത്ഥന നടക്കുന്നതിനിടയിലാണ് ഞാന്‍ ഹിന്ദുവാണ് എന്ന ആക്രോശിച്ച് യുവാവ് പ്രതിഷേധ പ്രകടനം നടത്തിയതെന്ന് ഗുരുദ്വാര അധികാരികള്‍ പറഞ്ഞു. ശിരോവസ്ത്രം അഴിച്ചുമാറ്റി യുവാവ് ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര പ്രസിന്റ് ഗുര്‍ദീപ് സിംഗ് സമ്ര മാധ്യമങ്ങളോട് പറഞ്ഞു. ശിരോവസ്ത്രം അഴിച്ചുമാറ്റുന്നത് സിഖ് പുണ്യസ്ഥലങ്ങളില്‍ അനാദരവായാണ് കണക്കാക്കുന്നത്. സറേ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തയുടന്‍ ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. 

സിഖുകാരെ ഇഷ്ടമല്ലെന്നും ഹിന്ദുസമൂഹത്തില്‍ രക്തസാക്ഷിയാകാന്‍ താന്‍ തയറാണെന്നുമൊക്കെ യുവാവ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. തുടര്‍ന്ന് അവിടെ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവര്‍ ബലംപ്രയോഗിച്ച് ഇയാളെ പുറത്താക്കിയതായി ഗുര്‍ദിത് സിംഗ് പറഞ്ഞു. എന്നാല്‍ വീണ്ടും ഇയാള്‍ ഗുരുദ്വാരയിലേക്ക് പ്രവേശിച്ചു. വാളന്റിയര്‍മാര്‍ യുവാവിനെ പിടികൂടി പോലീസെത്തുന്നത് വരെ ലങ്കര്‍ ഹാളില്‍ തടഞ്ഞുവെച്ചു. 

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും മാനസിക അസ്വാസ്ഥ്യം ഉള്ളയാളുടെ പരാക്രമങ്ങളാണിതെന്നും പോലീസ് പറഞ്ഞു. യുവാവിനെ ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ കേസ് ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.