കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി ലിബറല്‍ നേതാവ് മാര്‍ക്ക് കാര്‍ണി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്യത്തിന്റെ 24 ആമത് പ്രധാനമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായി രാവിലെ 11 മണിക്ക് അദ്ദേഹം റിഡ്യൂ ഹാളില്‍ കൂടിക്കാഴ്ച നടത്തും. ശേഷമാണ് സത്യപ്രതിജ്ഞ. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനവും ലിബറല്‍ ലീഡര്‍ പദവിയും രാജിവെച്ച ഒഴിവിലേക്കാണ് വന്‍ ഭൂരിപക്ഷത്തോടെ മാര്‍ക്ക് കാര്‍ണി തെരഞ്ഞെടുക്കപ്പെട്ടത്.
ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായ അദ്ദേഹം ഹൗസ് ഓഫ് കോമണ്‍സില്‍ അംഗമായിരുന്നില്ല. മുമ്പ് ഒരിക്കലും രാഷ്ട്രീയ പദവികള്‍ വഹിച്ചിരുന്നുമില്ല. എങ്കിലും കണ്‍സര്‍വേറ്റീവ്, ലിബറല്‍ സര്‍ക്കാരുകളില്‍ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കനേഡിയന്‍ സര്‍ക്കാരിന്റെ അധികാരം കാര്‍ണി ഏറ്റെടുക്കുന്നത്.
കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുകയും വ്യാപാരത്തിനായുള്ള പൊതുവായ സമീപനത്തെക്കുറിച്ച് സംസാരിക്കാന്‍ തയാറാവുകയും ചെയ്യുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്.