ആൽബെർട്ട ഉല്പാദിപ്പിക്കുന്ന ഹെവി ഓയിലിൻ്റെ കയറ്റുമതിക്കായി ബഹുരാഷ്ട്ര എണ്ണ, പെട്രോകെമിക്കൽ കമ്പനിയുമായി ചർച്ചകൾ നടത്തി വരികയാണെന്ന് ആൽബെർട്ട സർക്കാർ. പ്രതിമാസം രണ്ട് ദശലക്ഷം ബാരൽ വില്ക്കുന്നതിനെക്കുറിച്ച് ആണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ കമ്പനിയുടെ പേരോ, ഏത് രാജത്ത് നിന്നുള്ള കമ്പനിയെന്നോ വെളിപ്പെടുത്തിയിട്ടില്ല.
തീരുവകളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള വാണിജ്യ ബന്ധങ്ങളിൽ ഉലച്ചിൽ വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കായിരുന്നു. എന്നാൽ കാനഡയിൽ നിന്നുള്ള എണ്ണ ഉൾപ്പടെയുള്ള ഊർജ്ജ ഉല്പ്പന്നങ്ങൾക്ക് പത്ത് ശതമാനം തീരുവ ചുമത്തിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്. ഈ പശ്ചാത്തലത്തിലാണ് ആൽബർട്ട സർക്കാർ പുതിയ വ്യാപാര പങ്കാളികൾക്കായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.
പുതിയ നീക്കം ആൽബെർട്ടയിലെ ജനങ്ങൾക്കും, വ്യവസായത്തിനും, ആഗോള ഊർജ്ജ സുരക്ഷയ്ക്കും നല്ലതാണെന്ന് ഊർജ്ജ മന്ത്രി ബ്രയാൻ ജീൻ പറഞ്ഞു. ആൽബെർട്ടയ്ക്കും പ്രവിശ്യയിലെ ഊർജ്ജ വ്യവസായത്തിനും ഗുണപരമായ കരാറുകൾക്കായി ശ്രമിക്കുമെന്ന് ആൽബെർട്ട പെട്രോളിയം മാർക്കറ്റിംഗ് കമ്മീഷൻ സിഇഒ അഡ്രിയാൻ ബെഗ്ലിയും വ്യക്തമാക്കി.