അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും നിമയനം നല്കാൻ ഒരുങ്ങി ബിസി സർക്കാർ. അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും യോഗ്യതകൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ബിസി ആരോഗ്യ വകുപ്പ് മന്ത്രി ജോസി ഓസ്ബോൺ അറിയിച്ചു. അമേരിക്കൻ ആരോഗ്യ പ്രവർത്തകരെ ബിസി സ്വാഗതം ചെയ്യുന്നതായും ജോസി ഓസ്ബോൺ വ്യക്തമാക്കി.
വാഷിംഗ്ടൺ, ഒറിഗോൺ, കാലിഫോർണിയ എന്നീ യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ ആകർഷിക്കുന്നതിനായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ നടപടികളും തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ സർക്കാർ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനും, പൊതു സേവനങ്ങൾ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചത് യുഎസിലെ ആരോഗ്യ വിദഗ്ധരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ജോസി ഓസ്ബോൺ പറഞ്ഞു.ഇതേ തുടർന്ന് ഇവർ കാനഡയിൽ ജോലി ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ജോസി ഓസ്ബോൺ വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിൽ അമേരിക്കയിൽ പരിശീലനം നേടിയവരും അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ് സാക്ഷ്യപ്പെടുത്തിയവരുമായ ഡോക്ടർമാർക്ക് കൂടുതൽ പരീക്ഷകളോ മറ്റ് വിലയിരുത്തലുകളോ ആവശ്യമില്ലാതെ തന്നെ ബി.സി.യിൽ പൂർണ്ണ ലൈസൻസ് നേടാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. യു.എസ്. പരിശീലനം ലഭിച്ച നഴ്‌സുമാർക്ക് ബി.സി. കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സിൽ രജിസ്ട്രേഷനായി നേരിട്ട് അപേക്ഷിക്കാൻ അനുവദിക്കുന്ന മാറ്റവും ഉടൻ നടപ്പിലാക്കുമെന്നും ജോസി ഓസ്ബോൺ അറിയിച്ചു.