യുഎസ് സംസ്ഥാനങ്ങൾ വാങ്ങുന്ന വൈദ്യുതിയ്ക്ക് മേൽ 25 ശതമാനം സർചാർജ് ഏർപ്പെടുത്താനുള്ളതീരുമാനം ഒൻ്റാരിയോ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. മിഷിഗൻ, മിനസോട്ട, ന്യൂയോർക്ക് തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി കയറ്റുമതിയിൽ 25 ശതമാനം സർചാർജ് ചുമത്താനുള്ള തീരുമാനമാണ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു.
ഫോർഡും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കും നടത്തിയ ഫലപ്രദമായ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം. ഫോർഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള താരിഫ് ഭീഷണികളുടെ പശ്ചാത്തലത്തിൽ, കനേഡിയൻ പ്രവിശ്യാ, ഫെഡറൽ ഉദ്യോഗസ്ഥരുമായി വാഷിങ്ടണിൽ ചർച്ച നടത്താനും ഹൊവാർഡ് ലുട്നിക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഈ കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കുമെന്ന് ഫോർഡ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സർചാർജ് താൽക്കാലികമായി ഒഴിവാക്കിയത്.
യു.എസിലെ ഏകദേശം 1.5 ദശലക്ഷം ഉപഭോക്താക്കൾക്ക് ഒൻ്റാരിയോ വൈദ്യുതി നൽകുന്നുണ്ട്. യു എസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ, ഭാവിയിൽ യു എസിനെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയുധമാണ് ഊർജ്ജ സർചാർജ് എന്ന് ഡഗ് ഫോർഡ് പറഞ്ഞു. അതേ സമയം കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന നിലപാടിൽ യുഎസും അയവ് വരുത്തിയിട്ടുണ്ട്. തീരുവ യഥാർത്ഥ നിരക്കായ 25 ശതമാനത്തിൽ തന്നെ നിലനിർത്തുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈദ്യുത സർച്ചാർജ്ജ് താല്ക്കാലികമായി നിർത്തി വയ്ക്കാനുള്ള ഒൻ്റാരിയോ സർക്കാരിൻ്റെ തീരുമാനത്തെ തുടർന്നാണ് ഇത്