കഴിഞ്ഞ വാരാന്ത്യത്തില്‍ സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ വീട് കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഒരു യുവാവും യുവതിയുമാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡഗ്ലസ് വുഡ്‌സ് ഹൈറ്റ്‌സ് എസ്ഇയിലെ ഡഗ്ലസ്‌ഡെയ്‌ലി കമ്മ്യൂണിറ്റിയില്‍ മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ഗാരേജിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടെന്നും തങ്ങളുടെ ജീപ്പ് കാണാതായെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡഗ്ലസ് ഡെയ്ല്‍ ബൊളിവാര്‍ഡ് ഏരിയയില്‍ നിന്നും ജീപ്പ് കണ്ടെത്തി.
മോഷ്ടാക്കള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ഡോളര്‍ പണം ചെലവഴിച്ചതായും അക്കൗണ്ടുകള്‍ ക്ലിയര്‍ ചെയ്തതായും കുടുംബം കൂട്ടിച്ചേര്‍ത്തു. കൂടാതെ, മോഷ്ടിച്ച വസ്തുക്കളില്‍ ആപ്പിള്‍ മാക്ബുക്ക്, ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള സ്വര്‍ണ, വെള്ളി നാണയങ്ങള്‍, ലോറീസ് പഴ്‌സ് എന്നിവയും മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന ഒരു കൂട്ടം ആളുകള്‍ രാത്രി മുഴുവന്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിഞ്ഞതായി കരുതുന്നുവെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു.
കൊള്ളയടിക്കപ്പെട്ട വീടിന്റെ അയല്‍പ്പക്കത്തുള്ള വീട്ടിലെ ട്രക്കും പ്രതികള്‍ തകര്‍ത്തിരുന്നു. മോഷ്ടിച്ച ജീപ്പ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അടുത്തുള്ള ലണ്ടന്‍ ഡ്രഗ്‌സ് സ്റ്റോറില്‍ നിന്നും പിടികൂടിയതായി പോലീസ് പറഞ്ഞു. 26 വയസ്സുള്ള ഒരു യുവാവും 24 വയസ്സുള്ള ഒരു യുവതിയുമാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.