കാല്‍ഗറിയിലെ ബോ നദിയില്‍ നിന്നും മുങ്ങിയ നിലയില്‍ ടെസ്ല കാര്‍ കണ്ടെത്തി. മോഷ്ടിച്ച വാഹനമാണിതെന്നും ഇത് കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഗ്ലെന്‍മോര്‍ ട്രെയില്‍ എസ്ഇയിലെ ഗ്രേവ്‌സ് ബ്രിഡ്ജില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ 4.50 ഓടെ ഒരു വാഹനം ജലാശയത്തിലേക്ക് വീണതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെസ്ല കാര്‍ അടിത്തട്ടില്‍ കണ്ടെത്തിയത്. മോഷ്ടിച്ച കാറാണെന്ന നിഗമനത്തിലാണ് പോലീസ്.
കാര്‍ ഉയര്‍ത്തി കരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ടെസ്ല മോഡല്‍ വൈ എന്ന കാറാണ് വീണത്. തങ്ങള്‍ ഇവിടെയെത്തുമ്പോള്‍ കാറിനുള്ളില്‍ ആരുമുണ്ടായിരുന്നില്ലെന്നും സിഎഫ്ഡി പറഞ്ഞു. തീരത്ത് നിന്നും വളരെ അകലെയായാണ് വാഹനം മുങ്ങിക്കിടന്നിരുന്നത്. പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു വാഹനം. പോലീസ് എത്തുന്നതിന് മുമ്പ് ഡ്രൈവര്‍ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ മനപൂര്‍വ്വം നദിയിലേക്ക് തള്ളിയിടുകയായിരുന്നോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് തങ്ങളിപ്പോഴെന്ന് പോലീസ് പറഞ്ഞു.