അവധിക്കാലം ആഘോഷിക്കാൻ യാത്ര പോകാൻ ഒരുങ്ങുന്നവർ സന്ദർശന സ്ഥലങ്ങൾ സുരക്ഷിതമെന്ന് ഉറപ്പ് വരുത്തണമെന്ന് മുന്നറിയിപ്പ്. തീരുവയെ തുടർന്നുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പലരും അമേരിക്ക ഒഴിവാക്കി മെക്സിക്കോ, ഡൊമിനിക്കൻ റിപബ്ലിക് , ക്യൂ, ബഹാമസ് തുടങ്ങിയ രാജ്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ടൊറൻ്റോ പിയേഴ്സൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മാത്രം 13 ലക്ഷത്തോളം പേരാണ് യാത്രയ്ക്കൊരുങ്ങുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ട്. കൂടുതൽ പേരും മെക്സിക്കോയും കരീബിയൻ ദ്വീപുകളുമാണ് തെരഞ്ഞെടുക്കുന്നത്. മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ക്യൂബ, ബഹാമാസ്, ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കാനഡ സർക്കാർ യാത്രാ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊക്കെ സുരക്ഷിതമായ സ്ഥലങ്ങളെന്നല്ല ഇതിലൂടെ അർത്ഥമാക്കുന്നത്. അതിനാൽ ഇവിടേയ്ക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഏതൊരു രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുൻപും ഫെഡറൽ സർക്കാർ പുറത്തിറക്കിയിരിക്കുന്ന യാത്ര ഉപദേശക പട്ടിക പരിശോധിച്ച് കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, ഇരുട്ടാണെങ്കിൽ ഒറ്റയ്ക്ക് നടക്കരുതെന്നും, ധാരാളം വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം വയ്ക്കരുതെന്നും ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു