ഡോണൾഡ് ട്രംപിൻ്റെ തീരുവകളെ തുടർന്ന് അമേരിക്കയ്ക്കെതിരെ നിലപാട് കർക്കശമായി കനേഡിയൻ പ്രവിശ്യാ സർക്കാരുകൾ. അമേരിക്കയിലേക്കുള്ള വൈദ്യുതിക്ക് ഒൻ്റാരിയോ 25 ശതമാനം അധിക സർച്ചാർജ്ജ് പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ നിർമ്മിത മദ്യത്തിൻ്റെ വില്പന നിർത്താൻ ബിസി സർക്കാരും തീരുമാനിച്ചു.
വൈദ്യുതിക്ക് 25 ശതമാനം അധിക സർച്ചാർജ്ജ് ഏർപ്പെടുത്തിയത് മിഷിഗൻ, മിന്നസോട്ട, ന്യൂയോർക്ക് സ്റ്റേറ്റുകളെയാണ് ബാധിക്കുക. നാല് ലക്ഷത്തോളം ഡോളറിൻ്റെ അധിക ചെലവാണ് ഇത് മൂലം അമേരിക്കൻ സംസ്ഥാനങ്ങൾക്ക് ഉണ്ടാവുക. ട്രംപിൻ്റെ തീരുമാനങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. അമേരിക്ക തീരുവ പിൻവലിക്കാത്തിടത്തോളം ഒൻ്റാരിയോ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ നിർമ്മിത മദ്യത്തിൻ്റെ വില്പന നിർത്തി വയ്ക്കുമെന്ന് ബിസി പ്രീമിയർ ഡേവിഡ് എബിയും വ്യക്തമാക്കി. വൈൻ , ബിയർ തുടങ്ങിയ ഉല്പന്നങ്ങളുടെ വില്പനയാണ് നിർത്തി വയ്ക്കുന്നത്. ഇതിലൂടെ തീരുവകൾ പിൻവലിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഡേവിഡ് എബി വിശദീകരിച്ചു. യുഎസ് താരിഫിനെതിരെ ഫെഡറൽ സർക്കാർ കൈക്കൊള്ളുന്ന നടപടികളുമായി സഹകരിക്കും. അത് പോലെ മറ്റ് പ്രവിശ്യകളിലെ പ്രീമിയർമാരുമായും സഹകരിച്ച് മുന്നോട്ട് പോകും. നമ്മുടെ സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും ആഭ്യന്തര വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുമെന്നും ഡേവിഡ് എബി വ്യക്തമാക്കി