ആൽബർട്ടയിൽ കാർ ഉടമകളെ ബുദ്ധിമുട്ടിലാക്കി ഇൻഷുറൻസ് നിരക്കിലെ വർധന. ക്ലെയിമുകളുടെ എണ്ണം ഉയരുന്നതും കാലാവസ്ഥാ പ്രശ്നങ്ങളും പണപ്പെരുപ്പവുമൊക്കെയാണ് നിരക്ക് വർധനയക്ക് കാരണം .
നല്ല ഡ്രൈവർമാർക്ക് നിരക്ക് വർധനയിൽ ഏർപ്പെടുത്തിയിരുന്ന ഇളവിലും ഇത്തവണ മാറ്റമുണ്ട്. ഈ വിഭാഗത്തിലുള്ളവർക്ക് 7.5 ശതമാനം വർധന വരെ ആകാമെന്നാണ് പുതിയ തീരുമാനം. ഇതിൻ്റെയെല്ലാം ഫലമായി വർഷങ്ങളായി ഈടാക്കി വന്ന കുറഞ്ഞ നിരക്കുകൾക്ക് ശേഷം ഇൻഷുറൻസ് കമ്പനികൾ ചെലവുകൾ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്ന് റേറ്റ് ഹബ്ബ് ഇൻഷുറൻസ് വിഭാഗം വൈസ് പ്രസിഡൻ്റ് മാറ്റ് ഹാൻഡ്സ് പറഞ്ഞു. കാൽഗറിയിലുണ്ടായ ആലിപ്പഴ വർഷം പോലയുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ പതിവാവുകയാണ്. ഇത് കമ്പനികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ കൂടിയാണ് കമ്പനികൾ നിരക്ക് കൂട്ടുന്നത്.
ഉയരുന്ന ഇൻഷുറൻസ് നിരക്കുകൾ ഒരു പരിധി വരെ കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും ചിലർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഭവന-വാഹന ഇൻഷുറൻസ് ഒരേ കമ്പനിയിൽ നിന്നെടുക്കുന്നത് ഇൻഷുറൻസ് പ്രീമിയത്തിൽ കുറവ് വരുത്താൻ സഹായിച്ചേക്കും. മികച്ച ഡ്രൈവിംഗ് റെക്കോർഡ് നിലനിർത്തുന്നതിലൂടെയും ആൻ്റി-തെഫ്റ്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെയും കിഴിവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.