കാനഡയും, യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നത് രാജ്യത്തുടനീളമുള്ള അഗ്നിശമന വകുപ്പുകളെ കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്. അടിയന്തര ഘട്ടങ്ങളിൽ അഗ്നിശമന സേന ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനെയടക്കം ഇത് ബാധിച്ചേക്കുമെന്നും കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്സ് (CAFC) മുന്നറിയിപ്പ് നൽകി.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ തീരുമാനത്തിന് പ്രതികാര തീരുവ ഏർപ്പെടുത്തുന്നത് അഗ്നിശമന വകുപ്പുകളെ ദോഷകരമായി ബാധിക്കുമെന്ന് CAFC പ്രസിഡൻ്റും റെഡ് ഡീർ എമർജൻസി സർവീസസ് മേധാവിയുമായ കെൻ മക്മുള്ളൻ പറഞ്ഞു. തീപിടുത്തങ്ങളിൽ നിന്നും മറ്റ് അടിയന്തര സാഹചര്യങ്ങളിൽ നിന്നും കാനഡക്കാരെ സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവ് ഫെഡറൽ നയത്തിലെ തടസ്സങ്ങൾ മൂലം ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ 3,200 അഗ്നിശമന വകുപ്പുകളിൽ പലതും ഇതിനകം തന്നെ പ്രതിസന്ധി നേരിടുകയാണ്. പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ഡെലിവറി കാലതാമസവും ഇതിനകം തന്നെ വകുപ്പിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ഏകദേശം 60 ശതമാനം അഗ്നിശമന വകുപ്പുകളും രണ്ട് വർഷത്തിലേറെയായി ഉപകരണങ്ങൾ വാങ്ങുന്നത് മാറ്റിവച്ചിരിക്കുകയാണ്. 20 ശതമാനത്തോളം അഗ്നിശമന വകുപ്പുകൾ കാലഹരണപ്പെട്ട ഉപകരണങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ താരിഫുകൾ ഈ വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും മക്മുള്ളൻ പറഞ്ഞു.