തിരുവനന്തപുരം: ജോർദ്ദാനിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെയാണ് ഗബ്രിയേലിന്‍റെ മൃതദേഹം ജോർദാനിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു ഗബ്രിയേൽ കൊല്ലപ്പെട്ടത്.
പുലർച്ചെ നാലു മണിയോടെ ജോർദാനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പിന്നീട് തുമ്പ രാജീവ് ഗാന്ധിനഗറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം തുമ്പ സെന്‍റ് ജോൺസ് പള്ളിയിൽ സംസ്കരിച്ചു. പ്രതിപക്ഷ നേതാവും മന്ത്രി ജിആർ അനിൽ അടക്കമുള്ളവരും അന്തിമോപചാരം അർപ്പിച്ചു. ഫെബ്രുവരി 10 നാണ് ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോര്‍ദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തോമസിനെയും എഡിസണയും ജോർദാനിലേക്ക് കൊണ്ടു പോയ തുമ്പ സ്വദേശിക്കെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം.