ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചതായി സംശയം 

By: 600002 On: Mar 11, 2025, 11:18 AM

 

 


ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിയാഘോഷത്തിനെത്തി കാണാതായ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചതായി സംശയം പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍. ആറ് വനിതാ സുഹൃത്തുക്കള്‍ക്ക് ഒപ്പം പുന്റാ കാനയിലെ റിസോര്‍ട്ടില്‍ എത്തിയ സുദിക്ഷ കൊണങ്കി(20)യെയാണ് കഴിഞ്ഞയാഴ്ച മുതല്‍ കാണാതായത്. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ഇതിനിടയിലാണ് സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥരെത്തുന്നത്. വെര്‍ജീനിയയില്‍ താമസിക്കുന്ന സുദിക്ഷ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്. 

മാര്‍ച്ച് 5 ന് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ സുദിക്ഷ തിരയില്‍പ്പെട്ട് മുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. പുലര്‍ച്ചെ 5.55 ന് അഞ്ച് സ്ത്രീകളും ഒരു പുരുഷനും ബീച്ചിലൂടെ നടക്കുന്നത് സിസിടിവിയില്‍ ദൃശ്യമായിട്ടുണ്ട്. പ്രാദേശിക പോലീസ് വൃത്തത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സുദിക്ഷ ഒരു യുവാവിനൊപ്പം താമസിച്ചിരുന്നതായാണ് സൂചന. രാവിലെ 9.55 ന് യുവാവ് ബീച്ചില്‍ നിന്നും തിരിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒപ്പം സുദിക്ഷയുണ്ടായിരുന്നില്ല. യുവാവും സുദിക്ഷയും തിരയില്‍പ്പെട്ടിരിക്കാമെന്നും അങ്ങനെയാണ് സുദിക്ഷയെ കാണാതായതെന്നും പോലീസ് പറയുന്നു. 

യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇരുവരും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ സുദിക്ഷ വലിയൊരു തിരയില്‍പ്പെട്ടുപോവുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോള്‍ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് സുദിക്ഷ ധരിച്ചിരുന്നത്. 

അതേസമയം, സുദിക്ഷ മരിച്ചിരിക്കാമെന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് അതോറിറ്റികളുടെ നിരീക്ഷണം വെര്‍ജീനിയ പോലീസ് തള്ളിയിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലില്‍ എത്തുന്നത് ശരിയല്ലെന്നും തിരച്ചില്‍ തുടരുമെന്നും വെര്‍ജീനിയ പോലീസ് രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചു.