അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പത്ത് മണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. ടോയ്‌ലറ്റിലെ തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് ആറിന് ഷിക്കാഗോയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട എഐ 126 വിമാനമാണ് തിരിച്ചിറക്കിയത്.
എയര്‍ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 12 ടോയ്‌ലറ്റുകളില്‍ 11 എണ്ണവും തകരാറിലായി. ഇതിനെ തുടര്‍ന്ന് യാത്രക്കാരുടെ അവസ്ഥ കണക്കിലെടുത്താണ് തിരിച്ചിറാക്കാമെന്ന തീരുമാനമെടുത്തതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. രാത്രി നിയന്ത്രണമുള്ളതിനാലാണ് മറ്റ് ഇടങ്ങളില്‍ ഇറക്കാതെ ഷിക്കാഗോയില്‍ തന്നെ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ശുചിമുറികളില്‍ നിന്ന് പോകുന്ന പൈപ്പുകളിലെല്ലാം പോളിത്തീന്‍ കവര്‍, വലിയ തുണി, പുതപ്പ് മുതലായ അജൈവ വസ്തുക്കള്‍ കുടുങ്ങി കിടന്നതാണ് ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം. ഇത്രയധികം മാലിന്യം കുടുങ്ങിയതിനാല്‍ ടോയ്‌ലറ്റുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നയിച്ചു.
ഷിക്കാഗോയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബദല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.