കാലിഫോര്‍ണിയ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ വമ്പൻ സൈബർ ആക്രമണം. എക്സിലെ എല്ലാ സേവനങ്ങളും മണിക്കൂറുകളോളം നിലച്ചു. എക്‌സിന്‍റെ ഉടമയും അമേരിക്കൻ ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ മൂന്ന് തവണ എക്‌സിനെതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത് ഏറ്റവും വലിയ സൈബർ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും ഏഴ് മണിക്കൂർ നേരത്തേക്ക് എക്സിന്‍റെ സേവനങ്ങൾ നിലച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ആരാണ് ഡാർക്ക് സ്റ്റോം ടീം?
അതേസമയം സൈബർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഡാർക്ക് സ്റ്റോം ടീം ഒരു കുപ്രസിദ്ധ ഹാക്കർ ഗ്രൂപ്പാണ്. മുമ്പും ഇവർ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും ഇത്തരത്തിൽ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്. 2023-ൽ സ്ഥാപിതമായ ഈ ഗ്രൂപ്പ്, നൂതന സൈബർ യുദ്ധ തന്ത്രങ്ങൾക്കും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുടെ വിജയകരമായ ലംഘനങ്ങൾക്കും പേരുകേട്ട ഹാക്കർ ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിന് പലസ്‍തീൻ അനുകൂല അജണ്ട ഉണ്ടെന്നാണ് ഓറഞ്ച് സൈബർ ഡിഫൻസ് റിപ്പോർട്ട് ചെയ്തത്. 2024 ഫെബ്രുവരിയിൽ നാറ്റോ രാജ്യങ്ങൾ, ഇസ്രയേൽ, അവരുടെ സഖ്യകക്ഷികൾ എന്നിവർക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള പദ്ധതികൾ ഈ സംഘം പ്രഖ്യാപിച്ചിരുന്നു. വളരെ സംഘടിതമായ രീതിയിൽ സൈബർ ആക്രമണങ്ങൾ നടത്തുന്നതിന് ലോകമെമ്പാടും കുപ്രസിദ്ധരാണ് ഈ ഗ്രൂപ്പിലെ ഹാക്കർമാർ.
2022-ൽ ആണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത്. അതിനുശേഷം അദേഹം അതിന്‍റെ പേര് 'എക്സ്' എന്നാക്കി മാറ്റി. ഈ റീബ്രാൻഡിംഗിന് പിന്നാലെ 'ട്വീറ്റുകൾ' 'പോസ്റ്റുകൾ' എന്നും 'റീട്വീറ്റുകൾ' 'റീപോസ്റ്റുകൾ' എന്നും അറിയപ്പെട്ടു. ട്വിറ്ററിന്റെ ഐക്കണിക് നീല പക്ഷി ലോഗോയ്ക്ക് പകരം കറുത്ത പശ്ചാത്തലത്തിൽ വെളുത്ത X ഉള്ള പുതിയ ലോഗോയും ആണ് ഇലോൺ മസ്‍ക് ഉപയോഗിക്കുന്നത്.