ആശുപത്രികളടക്കം ആരോഗ്യ മേഖലയിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം കൈമാറാനൊരുങ്ങി ആൽബർട്ട സർക്കാർ

By: 600110 On: Mar 10, 2025, 3:08 PM

 

 

ആശുപത്രികളുടെയും പരിചരണ കേന്ദ്രങ്ങളുടെയും ഉടമസ്ഥാവകാശം ആൽബെർട്ട ഹെൽത്ത് സർവീസസിൽ (AHS) നിന്ന് ആൽബെർട്ട ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറ്റാൻ ആൽബർട്ട സർക്കാർ. പ്രവിശ്യയിൽ നിലവിൽ AHS-ന് ഏകദേശം 700 കെട്ടിടങ്ങളും 380 ലാൻ്റ് ടൈറ്റിലുകളും ഉണ്ട്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ, ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ആൽബെർട്ട ഇൻഫ്രാസ്ട്രക്ചറിന് കീഴിൽ കേന്ദ്രീകരിക്കുകയും ആരോഗ്യ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും തിരികെ പാട്ടത്തിന് നൽകുകയും ചെയ്യും.

സർക്കാരിൻ്റെ പുതിയ തീരുമാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ആരോഗ്യ മേഖലയിലെ കെട്ടിടങ്ങളുടെയും ഭൂമിയുടെയും ഉടമസ്ഥാവകാശം ആൽബെർട്ട ഇൻഫ്രാസ്ട്രക്ചറിന് കൈമാറുന്നത് ആശങ്കകൾ ഉയർത്തുന്നുവെന്ന് ഷാഡോ ഹെൽത്ത് മിനിസ്റ്റർ സാറ ഹോഫ്മാൻ പറഞ്ഞു. കാൽഗറിയിൽ ഹോളിക്രോസ് ആശുപത്രിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതിനുദാഹരണമാണ്. അവിടെ സർക്കാർ ആരോഗ്യ മേഖലയിൽ നിന്ന് പിന്മാറി ഉടമസ്ഥാവകാശം സ്വകാര്യ മേഖലയ്ക്ക് കൈമാറി. അത് പിന്നീട് കൂടുതൽ സ്വകാര്യവല്ക്കരണത്തിലേക്ക് നയിച്ചു. ഇവിടെയും കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനപ്പുറം അതിൻ്റെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കും എന്നതാണ് പ്രശ്നം. ആരോഗ്യ മേഖലയിലെ ഏതൊരു സ്വകാര്യവല്ക്കരണ നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സാറ ഹോഫ്മാൻ വ്യക്തമാക്കി.