ചൈനയുടെ പ്രതികാര തീരുവകൾ കാനഡയിലെ കനോല കർഷകർക്ക് തിരിച്ചടിയായേക്കും

By: 600110 On: Mar 10, 2025, 2:26 PM

 

കനോല, പന്നിയിറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക്  ചൈന ചുമത്തിയ  പ്രതികാര തീരുവകൾ കനേഡിയൻ കർഷകർക്ക് വലിയ തിരിച്ചടിയായേക്കാം. ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കും കാനഡ നികുതി ചുമത്തിയതിന് മറുപടിയായാണ്, തിരഞ്ഞെടുത്ത കനേഡിയൻ കാർഷിക ഇറക്കുമതികൾക്ക് ബീജിംഗ് പ്രതികാര തീരുവ പ്രഖ്യാപിച്ചത്.  

ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് കാനഡ ചുമത്തിയ നികുതികൾക്ക് സമാനമായി, കനോല എണ്ണയ്ക്കും പയറിനും 100 ശതമാനം താരിഫും പന്നിയിറച്ചിക്കും ജല ഉൽ‌പന്നങ്ങൾക്കും 25 ശതമാനം താരിഫുമാണ് ചൈന ചുമത്തിയിട്ടുള്ളത്. ചൈനീസ് താരിഫുകൾ വളരെ ഉയർന്നതാണെന്നും അതിൻ്റെ പ്രത്യാഘാതങ്ങൾ കനോല വ്യവസായത്തിലുടനീളം അനുഭവപ്പെടുമെന്നും കനോല കൗൺസിൽ ഓഫ് കാനഡയുടെ പ്രസിഡൻ്റ് ക്രിസ് ഡേവിസൺ പറഞ്ഞു.

കനേഡിയൻ കനോലയുടെ പ്രധാന വിപണികളിലൊന്നായ ചൈനയിലേക്ക് ഏകദേശം 5 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണ് നടക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ചൈന പ്രഖ്യാപിച്ച താരിഫുകളിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് അന്താരാഷ്ട്ര വ്യാപാര മന്ത്രി മേരി എൻജി, കൃഷി മന്ത്രി ലോറൻസ് മക്ഔലെ, ഫിഷറീസ് മന്ത്രി ഡയാൻ ലെബൗത്തിലിയർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.