കാനഡയുടെ പ്രധാനമന്ത്രിയും ലിബറൽ പാർട്ടിയുടെ അടുത്ത നേതാവുമായി ബാങ്ക് ഓഫ് കാനഡ മുൻ മേധാവി മാർക്ക് കാർണിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡൻ്റ് സച്ചിത് മെഹ്‌റയാണ് മാർക്ക് കാർണിയുടെ വിജയം പ്രഖ്യാപിച്ചത്. ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടിയുടെ നേതാവാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലായിരുന്നു കാർണി.
2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിൻ്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും അനുയോജ്യനെന്നായിരുന്നു സർവേകൾ കാർണിയെ വിശേഷിപ്പിച്ചത്. 131,674 വോട്ടുകൾ നേടിയാണ് മാർക്ക് കാർണി വിജയിച്ചത്. അതായത് ഏകദേശം 85.9 ശതമാനം വോട്ടുകൾ. എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11,134 വോട്ടുകളും കരീന ഗൗൾഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ്‌ലിസ് 4,038 വോട്ടുകളും നേടി.
ഓട്ടവയിൽ നടന്ന കൺവെൻഷനിൽ കാർനി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. കാനഡ ശക്തമാണെന്ന് പഞ്ഞുകൊണ്ട് തുടങ്ങിയ കാർണി ട്രംപിൻ്റെ താരിഫ് ഭീഷണികൾക്കെതിരെ കാനഡ പോരാടുമെന്ന മുന്നറിയിപ്പും നൽകി. നിലവിലെ സാഹചര്യത്തിൽ കാനഡക്കാർ കാനഡയ്ക്കുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലിബറൽ പാർട്ടി ശക്തവും ഐക്യത്തോടെയും തുടരുകയും മെച്ചപ്പെട്ട ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പോരാടുമെന്നും കാർണി പറഞ്ഞു. പുതിയ ലിബറൽ നേതാവ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് മുൻ ഉപപ്രധാനമന്ത്രി ഷീല കോപ്സ് പറഞ്ഞു.