ആല്‍ബെര്‍ട്ടയിലുടനീളമുള്ള നിരവധി ഡ്രൈവര്‍മാര്‍ ഈ വര്‍ഷം ഓട്ടോ ഇന്‍ഷുറന്‍സ് പുതുക്കുന്നുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണ് ഇത്തവണ. നിരക്ക് പരിധിയിലെ മാറ്റങ്ങള്‍, ക്ലെയിമുകളുടെ എണ്ണത്തിലെ വര്‍ധനവ്, തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍, പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള പണപ്പെരുപ്പം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വര്‍ധനവിന് കാരണമാകുന്നുവെന്ന് RateHub.ca യിലെ ഇന്‍ഷുറന്‍സ് വൈസ് പ്രസിഡന്റ് മാറ്റ് ഹാന്‍ഡ്‌സ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 'ഗുഡ് ഡ്രൈവര്‍' നിരക്ക് പരിധി 2025 ജനുവരിയില്‍ 7.5 ശതമാനമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പുതുക്കുമ്പോള്‍ ഉയര്‍ന്ന നിരക്കുകള്‍ നടപ്പിലാക്കാന്‍ അനുവദിക്കുന്നു. അതിനാല്‍ അപകടമൊന്നും ഉണ്ടാക്കാത്ത നല്ല ഡ്രൈവര്‍ ആണെങ്കില്‍ പോലും ഇന്‍ഷുറന്‍സ് നിരക്കില്‍ വര്‍ധന ഉണ്ടാകുന്നുവെന്ന് ഹാന്‍ഡ്‌സ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരക്ക് പരിധി വളരെ കുറവായിരുന്നതിനാല്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹാന്‍ഡ്‌സ് വിശദീകരിച്ചു.
കാല്‍ഗറിയിലെ അതിതീവ്രമായ ആലിപ്പഴ വര്‍ഷം പോലെ ആല്‍ബെര്‍ട്ട അനുഭവിക്കുന്ന തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളും വര്‍ധിച്ചുവരികയാണ്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് ക്ലെയ്മുകളും വര്‍ധിക്കും.
ഓട്ടോ അപകട ക്ലെയിമുകളുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ ചെലവുകളും വര്‍ധിച്ചു. ഇത് പ്രവിശ്യയിലുടനീളമുള്ള പ്രീമിയങ്ങളില്‍ വന്‍ വര്‍ധനവ് വരുത്തി. പ്രീമിയങ്ങള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ വിവിധ ഇന്‍ഷുറര്‍മാരില്‍ നിന്നുള്ള നിരക്കുകള്‍ താരതമ്യം ചെയ്യേണ്ടത് നിര്‍ണായകമാണെന്ന് ഹാന്‍ഡ്‌സ് നിര്‍ദ്ദേശിച്ചു.