യുഎസ്-കാനഡ അതിര്‍ത്തിയില്‍ കനേഡിയന്‍ പൗരന്മാര്‍ ഇനി പുതിയ സര്‍ചാര്‍ജ് അടയ്ക്കണം 

By: 600002 On: Mar 10, 2025, 10:07 AM

 


അമേരിക്ക സന്ദര്‍ശിച്ച് കാനഡയിലേക്ക് തിരികെ പ്രവേശിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ ഇനി മുതല്‍ അതിര്‍ത്തിയില്‍ പുതിയ സര്‍ചാര്‍ജ് അടയ്‌ക്കേണ്ടി വരും. അമേരിക്കയില്‍ നിന്നും വാങ്ങുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ സര്‍ചാര്‍ജ് ചുമത്തി. മാര്‍ച്ച് 4 മുതല്‍ 25 ശതമാനം സര്‍ടാക്‌സ്(ബാധകമായ മറ്റ് തീരുവകള്‍ക്ക് പുറമേ)പ്രാബല്യത്തില്‍ വന്നതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കൊമേഴ്‌സ്യല്‍ ഷിപ്പ്‌മെന്റ്‌സ്, മെയില്‍ അല്ലെങ്കില്‍ കൊറിയര്‍ വഴി ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍, യാത്രക്കാര്‍ അവരുടെ വ്യക്തിഗത ഇളവുകള്‍ക്ക് മുകളില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ എന്നിവയ്ക്ക് ഈ പ്രതിരോധ നടപടികള്‍ ബാധകമായിരിക്കുമെന്ന് സിബിഎസ്എ വക്താവ് റബേക്ക പര്‍ഡി പറഞ്ഞു. 

കാനഡയുടെ ബോര്‍ഡര്‍ ഉദ്യോഗസ്ഥരാണ് യാത്രക്കാര്‍, കൊമേഴ്‌സ്യല്‍ ഷിപ്പ്‌മെന്റ്, മെയില്‍, കൊറിയര്‍ എന്നിവയുടെ സര്‍ടാക്‌സ് നടപ്പിലാക്കുന്നത്. വ്യക്തിഗത ഉല്‍പ്പന്നങ്ങളുടെ സര്‍ചാര്‍ജ് പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ സിബിഎസ്എ വിലയിരുത്തും. 

ഒരു യാത്രക്കാരന് അവരുടെ വ്യക്തിഗത ഇളവിന് യോഗ്യതയില്ലെങ്കിലോ അതിലും കൂടുതലാണെങ്കിലോ അതിന് വിധേയമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ചാര്‍ജ് ബാധകമാകുമെന്ന് സിബിഎസ്എ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.