തന്റെ ശബ്ദം അനുകരിച്ച് കൃത്രിമബുദ്ധി(എഐ) ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ ഗാനങ്ങള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നതിനെതിരെ കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണ്‍ മുന്നറിയിപ്പുമായി രംഗത്ത്. ഡിയോണിന്റെ പകര്‍പ്പ് പതിപ്പാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ഗാനങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഡിയോണിന്റെ ഔദ്യോഗിക ഡിസ്‌കോഗ്രാഫിയില്‍ നിന്നുള്ള ഗാനങ്ങളല്ല അവയെന്നും ഗായികയുടെ പ്രതിനിധികള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
ഡിയോണിന്റെ പാട്ടുകളുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഗായികയുടെ ശബ്ദത്തിന്റെ എഐ മോഡലായി കണക്കാക്കപ്പെടുന്ന നിരവധി വ്യാജ റെക്കോര്‍ഡിംഗുകള്‍ അടുത്തിടെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിയോണിന്റെ മാത്രമല്ല, മറ്റ് നിരവധി ഗായകരുടെ ശബ്ദത്തില്‍ പാട്ടുകള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച് പ്രചരിപ്പിക്കുന്നു. അടുത്തിടെയാണ് കനേഡിയന്‍ ഗായകനും സംഗീത സംവിധായകനുമായ ഏബല്‍ മക്കോനന്‍ ടെസ്ഫ എന്ന ദി വീക്കെന്‍ഡ്, അലാനിസ് മോറിസെറ്റ്, ഷോണ്‍ മെന്‍ഡസ് എന്നിവരുടെയെല്ലാം വ്യാജ ഗാനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.