ബന്ദികളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പ് നയമെന്ന് ഹമാസ്, ചർച്ചകൾക്ക് തയ്യാറെന്നും മുതിർന്ന നേതാവ്

By: 600007 On: Mar 9, 2025, 9:17 AM

 

ഗാസ: ഗാസയിലെ ബന്ദികളുടെ മോചന കാര്യത്തിൽ ട്രംപ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ഹമാസ്. അമേരിക്കയുമായി ചർച്ചകൾക്ക് ഹമാസ് തയ്യാറാണെന്നും മുതിർന്ന നേതാവ് മുശീർ അൽ മസ്‍രി പറഞ്ഞു. ബന്ദികളുടെ മോചനം ഉറപ്പുവരുത്തുന്നത് വേണ്ടി  ഹമാസുമായി നേരിട്ട് ചർച്ച നടത്തുമെന്ന് കഴി‌ഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുതിർന്ന ഹമാസ് നേതാവിന്റെ പ്രതികരണം.

മേഖലയിൽ സമാധാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാവും അമേരിക്കയും ഹമാസും തമ്മിലുള്ള ചർച്ചകളെന്ന് അൽ മസ്‍രി പറഞ്ഞു. അതേസമയം വെടിനിർത്തൽ ദീർഘിപ്പിക്കാൻ ഹമാസിനെ സമ്മർദത്തിലാക്കുന്നതിന് വേണ്ടി ഗാസയിലേക്കുള്ള അവശ്യ സാധനങ്ങൾ ഇസ്രയേൽ തടയുന്ന സാഹചര്യത്തിൽ വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേൽ ഇതുവരെ ഹമാസുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല.

ഹമാസിനെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇസ്രയേലിന്റെ ഗാസ സൈനിക നടപടികൾ. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള ചർച്ചകൾക്ക് പകരമായാണ് ഹമാസ് ബന്ദികളുടെ മോചനത്തെ കാണുന്നതെന്ന സൂചനയാണ് അൽ മസ്‍രി നൽകിയത്.  യുദ്ധത്തിന് ഫലപ്രദമായ അന്ത്യം കുറിയ്ക്കുന്നതിനൊപ്പം അവശേഷിക്കുന്ന ബന്ദികളിൽ ജീവനോടെയുള്ളവരെ വിട്ടയക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിക്കുമെന്നതാണ് ഹമാസിന്റെ നിലപാട്. ബന്ദികളിൽ ഉൾപ്പെടുന്ന ഒരേയൊരു അമേരിക്കൻ പൗരൻ ഈഡൻ അലക്സാണ്ടർ നിലവിൽ ഗാസയിലുണ്ടെന്നാണ് അനുമാനം. ഇതിന് പുറമെ നാല് അമേരിക്കൻ പൗരന്മാർ മരണപ്പെടുകയും അമേരിക്കൻ - ഇസ്രയേൽ ഇരട്ട പൗരത്വമുള്ള 12 പേർ ബന്ദികളിൽ ഉൾപ്പെടുകയും ചെയ്യുന്നു.