ബീസി വഴി അലാസ്‌കയിലേക്ക് സഞ്ചരിക്കുന്ന വാണിജ്യ യുഎസ് ട്രക്കുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി പ്രീമിയര്‍ ഡേവിഡ് എബി 

By: 600002 On: Mar 8, 2025, 11:11 AM

 

 

വാഷിംഗ്ടണില്‍ നിന്നും അലാസ്‌കയിലേക്ക് ബ്രിട്ടീഷ് കൊളംബിയ വഴി സഞ്ചരിക്കുന്ന വാണിജ്യ യുഎസ് ട്രക്കുകള്‍ക്ക് പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നതായി ബീസി പ്രീമിയര്‍ ഡേവിഡ് എബി പ്രഖ്യാപിച്ചു. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു മാസത്തേക്ക് തീരുവ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡേവിഡ് എബിയുടെ പ്രഖ്യാപനം. അമേരിക്കയ്‌ക്കെതിരെയുള്ള പ്രവിശ്യയുടെ താരിഫ് ഇതര പ്രതികാര നടപടികളുടെ ഭാഗമായാണ് ഈ നീക്കം. 

താരിഫുകളില്‍ ഒരു മാസത്തെ താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചിട്ടും തീരുവകളുടെയും അനിശ്ചിതത്വത്തിന്റെയും ഭീഷണി ഇപ്പോഴും കനേഡിയന്‍ പൗരന്മാരെ അലട്ടുന്നുണ്ടെന്ന് ഡേവിഡ് എബി വ്യക്തമാക്കി. വാണിജ്യ യുഎസ് വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുക, അന്തര്‍പ്രവിശ്യാ വ്യാപാര തടസ്സങ്ങള്‍ നീക്കം ചെയ്യുക, തീരദേശ വ്യാപാരം പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ എക്‌സിക്യുട്ടീവ് ഉത്തരവുകളോട് പ്രതികരിക്കുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് വരുംദിവസങ്ങളില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.