കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചില ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ തീരുവ താൽക്കാലികമായി ഒഴിവാക്കി. വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ വരുന്ന ചില ഉൽപ്പന്നങ്ങൾക്കാണ് താരിഫ് ഇളവ്. എന്നാൽ ഈ കരാറിന് കീഴിൽ വരുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഈ ഇളവ് ബാധകമല്ല.
മെക്സിക്കോയ്ക്ക് മാത്രമേ തീരുവകളിൽ ഭാഗിക ഇളവ് ലഭിക്കൂ എന്നാണ് ട്രംപ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് കാനഡയ്ക്ക് കൂടി ഇളവുകൾ നൽകുന്ന ഉത്തരവിൽ ഒപ്പു വയ്ക്കുകയായിരുന്നു. ബുധനാഴ്ചയുണ്ടായ ചൂടേറിയ വാദപ്രതിവാദങ്ങളെത്തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ട്രംപ് പുതിയ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് കാനഡയ്ക്ക് ഇളവ് നൽകുന്നത് വൈകിയത് .
ട്രംപിന്റെ താൽക്കാലിക ഇളവിന്റെ ഫലമായി കാനഡ രണ്ടാം ഘട്ട പ്രതികാര താരിഫ് ഏപ്രിൽ 2 വരെ വൈകിപ്പിക്കുമെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പിന്നീട് പ്രഖ്യാപിച്ചു. ട്രംപ് ഒപ്പിട്ട പുതിയ ഭേദഗതി ഉത്തരവ് പ്രകാരം, കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പാലിക്കുന്ന കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഒരു മാസത്തേക്ക് 25 ശതമാനം താരിഫ് ഒഴിവാക്കും. പ്രധാനമായും ഓട്ടോ ഘടകങ്ങളാണ് ഇതിന് കീഴിൽ വരുന്നത്. അമേരിക്കയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിനും ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനാണ് പുതിയ ഇളവുകളെന്ന് ഭേദഗതിയിലുണ്ട്. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പൊട്ടാഷിനും പത്ത് ശതമാനം കുറഞ്ഞ താരിഫ് മാത്രമാണ് ചുമത്തുക. ട്രംപ് കനേഡിയൻ ഊർജ്ജ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ നിരക്കാണിത്