ഇംഗ്ലീഷ് യു.എസിൻ്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്ന ഉത്തരവിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു.
പ്രധാനമായും ഇംഗ്ലീഷാണ് ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതെങ്കിലുംഇതാദ്യമായാണ് ആ ഭാഷയ്ക്ക് ഔദ്യോഗിക പദവി ലഭിക്കുന്നത്. എന്നാൽ സർക്കാർ ഏജൻസികൾക്ക് രേഖകളും സേവനങ്ങളും ഇംഗ്ലീഷ് ഇതര ഭാഷകളിലും നൽകാമെന്നും വ്യവസ്ഥയുണ്ട്. യു.എസിലെ മുപ്പതിലേറെ സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിനെ ഇതിനോടകം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. 250 വർഷത്തെ ചരിത്രത്തിനിടെ ഇതുവരെ ഫെഡറൽ തലത്തിൽ യു.എസിന് ഒരു ദേശീയ ഭാഷയുണ്ടായിട്ടില്ല.
ലോകത്തിൻ്റെ വിവിധ ഭാഗത്ത് നിന്നുള്ള കുടിയേറ്റക്കാർ താമസിക്കുന്ന യു.എസിൽ 350ലേറെ ഭാഷകൾ സംസാരിക്കുന്നുണ്ട്. യു.എസിൽ ഇപ്പോൾ പത്തിൽ ഒരാൾ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നുണ്ടെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ദേശീയ ഭാഷയാകുന്നതോടെ ആശയവിനിമയം സുഗമമാകുമെന്നും ദേശീയ മൂല്യങ്ങൾ ശക്തിപ്പെടുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. അതേസമയം രേഖകളും സേവനങ്ങളും മറ്റ് ഭാഷകളിൽ തന്നെ തുടരണോ അതോ ഇംഗ്ലീഷിൽ വേണമോയെന്നത് അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. ഫെഡറൽ ഫണ്ടിംഗ് ലഭിക്കുന്ന സ്ഥാപനങ്ങളും സംഘടനകളും ഇംഗ്ലീഷ് ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് സഹായം നൽകണമെന്ന മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റന്‍റെ ഉത്തരവ് ആണ് ഇതോടെ റദ്ദായിരിക്കുന്നത്.
പുതിയ തീരുമാനം മറ്റ് കുടിയേറ്റ വിഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്നാണ് സൂചന. പൊതുവെ ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവീണ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഈ ഉത്തരവ് ഗുണകരമാകുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ വിലയിരുത്തുന്നത്. യുഎസിൽ ജോലിയും സർവകലാശാലാ പ്രവേശനവും ഉറപ്പാക്കുന്നതിൽ ഇംഗ്ലീഷ് പ്രാവീണ്യം ഒരു പ്രധാന ഘടകമായതിനാൽ, ഇന്ത്യൻ അപേക്ഷകർക്ക് ഒരു മുൻതൂക്കം ലഭിച്ചേക്കാം.