വ്യാപാരയുദ്ധം പലചരക്ക് വിലയിൽ വർധനവിന് കാരണമായേക്കും

By: 600110 On: Mar 7, 2025, 2:35 PM

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് സമീപഭാവിയിൽ കാനഡയിൽ പലചരക്ക് വില ഉയരാൻ കാരണമായേക്കുമെന്ന് റീട്ടെയിൽ കൌൺസിൽ ഓഫ് കാനഡ.  ചിലയിടങ്ങളിൽ ചില ഉല്പ്പന്നങ്ങൾക്ക് ക്ഷാമത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

കാനഡയിൽ നിന്നുള്ള ഉല്പ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്ന് മറുപടിയായി കാനഡ അമേരിക്കൻ ഉല്പ്പന്നങ്ങൾക്കും തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഡോളറിൻ്റെ പലചരക്ക് ഉല്പ്പന്നങ്ങളാണ് കാനഡ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിൽ 72.6 ബില്യൺ ഡോളറോളം കാർഷിക,ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. അമേരിക്കയിൽ നിന്ന് കാനഡയിലേക്കും ഇത്തരം ഉല്പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപെ തന്നെ കനേഡിയൻ പലചരക്ക് വ്യാപാരികൾ അമേരിക്കൻ  ഉൽപ്പന്നങ്ങൾക്ക് പകരം കൂടുതൽ പ്രാദേശിക ഉല്പ്പന്നങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. സമീപ ആഴ്ചകളിൽ കനേഡിയൻ ഉല്പ്പന്നങ്ങൾ വാങ്ങുകയെന്ന വികാരവും കാനഡക്കാർക്കിടയിൽ ശക്തമായിട്ടുണ്ട്. 

കാനഡ കൌണ്ടർ താരിഫ് ചുമത്തിയിരിക്കുന്ന ഉല്പ്പന്നങ്ങളുടെ വിലയാണ് ഉയരാൻ സാധ്യത. കോഴിയിറച്ചി, മാംസം, പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കാപ്പി, ചായ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് പലചരക്ക് സാധനങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കോഴിയിറച്ചി, മാംസ ഉൽപ്പന്നങ്ങൾ എന്നിവ കാനഡയിൽ ധാരാളം ലഭ്യമാണെങ്കിലും ലെറ്റൂസ്, ബെറികൾ, ഓറഞ്ച് ജ്യൂസ്, അമേരിക്കൻ വിസ്കി തുടങ്ങിയ വസ്തുക്കളുടെ വിലയെ വ്യാപാരയുദ്ധം ബാധിച്ചേക്കും. കുട്ടികൾക്കുള്ള ടൈലനോൾ, ബേബി ഫോർമുല, ഡയപ്പറുകൾ, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങിയ യുഎസ് ഉൽപ്പന്നങ്ങൾക്കാണ് ഏറ്റവും വില വർദ്ധന ഉണ്ടാകാൻ സാധ്യത.