കാനഡയിലെ പാസ്‌പോർട്ട് ഓഫീസിൽ കെടുകാര്യസ്ഥതയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റിൽ വ്യാപക ദുർഭരണവും ആശയക്കുഴപ്പവും കണ്ടെത്തി. ദശലക്ഷക്കണക്കിന് നികുതിദായകരുടെ പണം കാര്യക്ഷമതയില്ലാതെ ചെലവഴിക്കുന്നുവെന്നും ഓഡിറ്റിൽ പറയുന്നു. ലിബറൽ പാർട്ടി നേതാവ് കരീന ഗൗൾഡ് ആയിരുന്നു ആ കാലങ്ങളിൽ മന്ത്രി.
പാസ്‌പോർട്ട് റിവോൾവിംഗ് ഫണ്ടിൻ്റെ മാനേജ്മെൻ്റിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഓഡിറ്റ് വ്യക്തമാക്കുന്നുണ്ട്.
ഫണ്ട് കൈകാര്യം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചില്ല. ഇത് ആശയക്കുഴപ്പത്തിനും ദുർവിനിയോഗത്തിനും കാരണമായി. മതിയായ മേൽനോട്ടമില്ലാതെ ദശലക്ഷക്കണക്കിന് ഡോളർ താരതമ്യേന വേഗത്തിൽ ചെലവഴിച്ചതായും ഓഡിറ്റർമാർ കണ്ടെത്തി. പാസ്‌പോർട്ട് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാൾ 188.2 മില്യൺ ഡോളർ കൂടി ചെലവഴിച്ചു. പാസ്‌പോർട്ട് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് വ്യാപകമായ ആശയക്കുഴപ്പം ഉണ്ടെന്നും ഓഡിറ്റർമാർ ചൂണ്ടിക്കാട്ടി. ചില കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അധികാരം ഏത് വകുപ്പിനാണ് എന്നതിൽ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പാസ്‌പോർട്ട് മാനേജർമാർക്ക് ഒരു വർഷം മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ആഭ്യന്തര രേഖകൾ വെളിപ്പെടുത്തി. 2022 ജൂൺ 23-ന് പാസ്‌പോർട്ട് പ്രൊഡക്ടിവിറ്റി ആൻഡ് സ്റ്റാഫിംഗ് മെഷേഴ്‌സ് എന്ന തലക്കെട്ടിലുള്ള ഒരു ബ്രീഫിംഗ് നോട്ടിൽ ഇക്കാര്യങ്ങൾ എല്ലാം പ്രതിപാദിച്ചിരുന്നതായും പറയുന്നു. പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം കുതിച്ചുയർന്നതിനാൽ പല പാസ്‌പോർട്ട് ഓഫീസുകളും സ്റ്റാഫിങ് പ്ലാൻ നടപ്പാക്കിയിരുന്നതായും ബ്രീഫിങ് നോട്ടിലുണ്ട്.