ചരിത്രത്തിലാദ്യം, ചന്ദ്രനിൽ ജിപിഎസ് വിജയകരമായി ഉപയോഗിച്ച് നാസ

By: 600007 On: Mar 7, 2025, 12:34 PM

 

കാലിഫോര്‍ണിയ: ചന്ദ്രനിൽ വിജയകരമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് നാസ. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് നാസ ഈ നാഴികക്കല്ല് പിന്നിട്ടത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമായി ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE) മാറി. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്തു.  

 
ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലൂണാർ ലാൻഡർ ഉപയോഗിച്ചാണ് നാസ ചന്ദ്രനില്‍ LuGRE സ്ഥാപിച്ചത്. മാർച്ച് 2ന് ബ്ലൂ ഗോസ്റ്റ് ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. അതിനൊപ്പം അയച്ച 10 നാസ പേലോഡുകളിൽ ഒന്നായിരുന്നു ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് അഥവാ LuGRE. ഈ ഉപകരണം ചന്ദ്രനില്‍ ഇറങ്ങിയ ഉടൻ തന്നെ നാസ ശാസ്ത്രജ്ഞർ പ്രവര്‍ത്തിപ്പിച്ചു. 2.25 ലക്ഷം മൈൽ അകലെയുള്ള ചന്ദ്രനിൽ നിന്ന് ഭൂമിയുടെ ജിഎൻഎസ്എസ് സിഗ്നലുകൾ പകർത്തിയാണ് ലുഗ്രെ അതിന്‍റെ സ്ഥാനവും സമയവും നിർണ്ണയിച്ചത്. ഈ പരീക്ഷണം 14 ദിവസം തുടരും.

നാസയുടെ ആർട്ടെമിസ് പ്രോഗ്രാം പോലുള്ള ഭാവി ദൗത്യങ്ങൾക്ക് കൃത്യമായ സ്ഥാനം, വേഗത, സമയം എന്നിവ നൽകുന്നതിലൂടെ മികച്ച നാവിഗേഷൻ സംവിധാനങ്ങൾ നൽകാൻ സഹായിക്കുന്നതിനാൽ, ബഹിരാകാശയാത്രികർക്ക് ഈ പരീക്ഷണം ഒരു വലിയ ചുവടുവയ്പ്പാണ്. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളിൽ നാവിഗേഷൻ കൂടുതൽ കൃത്യവും എളുപ്പവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും