''ട്രംപിന്റെ താരിഫുകള്‍ അമേരിക്കയും കാനഡയും തമ്മിലുള്ള വിശ്വാസം തകര്‍ത്തു'': ഡാനിയേല്‍ സ്മിത്ത് 

By: 600002 On: Mar 7, 2025, 9:25 AM

 

 

കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. താരിഫ് യുദ്ധം അമേരിക്കയും കാനഡയും തമ്മിലുള്ള വിശ്വാസം തകര്‍ത്തെന്ന് സ്മിത്ത് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തോടുള്ള വഞ്ചനയാണിതെന്ന് മെഡിസിന്‍ ഹാറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് പറഞ്ഞു. താരിഫുകളോട് പ്രതികരിക്കുന്നതിനും പ്രവിശ്യയിലെ ജനങ്ങള്‍ക്കേല്‍ക്കുന്ന പ്രഹരം ലഘൂകരിക്കാന്‍ ശ്രമിക്കുന്നതിനും പ്രവിശ്യാ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരവധി നടപടികളെക്കുറിച്ചും സ്മിത്ത് വിശദീകരിച്ചു. 

''മുന്നോട്ടുള്ള പാത വളരെ ദുഷ്‌കരമാണ്. താരിഫുകള്‍ മാസങ്ങളോ അതില്‍ കൂടുതലോ തുടര്‍ന്നാല്‍ ഗണ്യമായ തൊഴില്‍ നഷ്ടം, ഉയര്‍ന്ന പണപ്പെരുപ്പം, തൊഴിലവസരങ്ങള്‍ നഷ്ടപ്പെടല്‍ തുടങ്ങി നിരവധി പ്രതിസന്ധികളുണ്ടാകും. നമ്മുടെ സര്‍ക്കാര്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ ബജറ്റ് കമ്മിയും ഉണ്ടാകും''- സ്മിത്ത് മുന്നറിയിപ്പ് നല്‍കുന്നു. 

അമേരിക്ക നിലവില്‍ ആല്‍ബെര്‍ട്ടയില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അമേരിക്കയിലുള്ള നിരവധി പേരെ ഇതുവഴി സമ്പന്നരാക്കിയിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞു. അമേരിക്ക പഴയത് പോലെ സുഹൃത്തായി തിരിച്ചുവരുന്നത് വരെ എണ്ണ, വാതക നിക്ഷേപങ്ങളിലൊന്ന് മറ്റ് രാജ്യങ്ങളിലേതെങ്കിലുമൊന്നിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങളിലും സാമ്പത്തിക മാര്‍ഗങ്ങളിലും പ്രവിശ്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു.