അമേരിക്കയിലേക്കുള്ള വൈദ്യുതിക്ക് മാര്‍ച്ച് 10 മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Mar 7, 2025, 8:53 AM

 


അമേരിക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതിക്ക് മാര്‍ച്ച് 10 തിങ്കളാഴ്ച മുതല്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍. മിഷിഗണ്‍, ന്യൂയോര്‍ക്ക്, മിനസോട്ട എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ പ്രഖ്യാപനം. താരിഫ് നിലവില്‍ വന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 15 ലക്ഷത്തോളം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

തങ്ങളുടെ പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവിശ്യ പ്രതിബദ്ധതരാണെന്ന് ഫോര്‍ഡ് വ്യക്തമാക്കി. സൈനിക, എയ്‌റോസ്‌പേസ് മേഖലകളില്‍ ഉപയോഗിക്കുന്ന നിക്കല്‍ പോലുള്ള ക്രിട്ടിക്കല്‍ മിനറല്‍സിനായി അമേരിക്ക ഒന്റാരിയോയെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം അമേരിക്കയെ ഓര്‍മ്മപ്പെടുത്തി. ഒന്റാരിയോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വൈദ്യുതി പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത് ജലവൈദ്യുത, ആണവ, പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നാണ്. 

താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സുമായി സംസാരിച്ചതായും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.